കുറവിലങ്ങാട് : ഇറ്റലിയിൽ നിന്നെത്തിയ മകളെ കൂട്ടിക്കൊണ്ട് വന്നതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണ നിർദ്ദേശം ലംഘിച്ച ഗൃഹനാഥനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. ഇയാൾ ജോലി ചെയ്ത ഷാപ്പും പൂട്ടിച്ചു. ഇറ്റലിയിൽ വിദ്യാർത്ഥിനിയായ മകളെ കഴിഞ്ഞ 19 നാണ് കാറിൽ ഇയാൾ കൂട്ടിക്കൊണ്ടു വന്നത്. തുടർന്ന് വിദ്യാർത്ഥിനിക്ക് 28 ദിവസവും കുടുംബാംഗങ്ങൾക്ക് 14 ദിവസത്തെ നിരീക്ഷണവും ആരോഗ്യവകുപ്പ് നിർദേശിച്ചെങ്കിലും ഗൃഹനാഥൻ പുറത്ത് സഞ്ചരിക്കുകയും കടപ്പൂർ വട്ടുകുളത്തെ കള്ളു ക്ഷാപ്പിൽ ജോലിക്ക് എത്തുകയുമായിരുന്നു. ഷാപ്പിൽ നിന്ന് തിരികെ പോകാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും എത്തി ഷാപ്പ് അടപ്പിക്കുകയും കേസ് എടുക്കുകയുമായിരുന്നു.