പാലാ: പാലാ ഗവ. ജനറൽ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിന് അനുമതി വൈകുന്നതിനാൽ വിഷയം ജില്ലാ ഭരണകൂടത്തിന് കൈമാറി ആരോഗ്യവകുപ്പ്.

ഒ.പി വിഭാഗം മാറ്റി സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ മുമ്പ് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഒ.പി വിഭാഗത്തിന് മാത്രമായി നിർമിച്ച കെട്ടിടത്തിൽ മികച്ച സ്ഥലസൗകര്യമുണ്ട്.എന്നാൽ ഇത് പ്രയോജനപ്പെടുത്തുന്നില്ല.

ഇടുങ്ങിയ മുറികളിൽ ആയിരക്കണക്കിന് രോഗികൾ കൂട്ടംകൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതർ നഗരസഭയ്ക്ക് കത്ത് നൽകിയത്. ജില്ലാ ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ ഡോ.വിദ്യാധരൻ ജില്ലാ കളക്ടറെ നേരിട്ടുകണ്ട് വിഷയത്തിന്റെ ഗൗരവം അറിയിച്ചിട്ടുണ്ട്. അടിയന്തര ഇടപെടലാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥലസൗകര്യമുള്ള ആശുപത്രിയാണ് പാലാ ജനറൽ അശുപത്രി. കൂടുതൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കേണ്ട സാഹചര്യത്തിൽ ഇവിടെ മാത്രമെ അതിനായുള്ള സൗകര്യമുള്ളൂ. ഇവിടെ കാൻസർ വിഭാഗത്തിൽ 3000ൽ പരം രോഗികളാണ് ചികിത്സ തേടുന്നത്.
ഇവർക്ക് രോഗ പ്രതിരോധശേഷി കുറവായതിനാൽ രോഗ വ്യാപന ഭീഷണി നിലനിൽക്കുന്നതായി ഓങ്കോളജി വിഭാഗം അറിയിച്ചു കഴിഞ്ഞു.

ഓങ്കോളജി വിഭാഗം ഒ.പി പ്രവർത്തിക്കുന്നത് മെഡിക്കൽ ഒ.പിയുടെ സമീപത്താണ്. ഇവിടെ എത്തുന്നത് 800 ൽ പരം പേരാണ്. ഇതിനോട് ചേർന്നാണ് കീമോതെറാപ്പി കഴിഞ്ഞവരെ കിടത്തിയിരിക്കുന്നത്. മെഡിക്കൽ ഒ.പിയിൽ വരുന്ന ഏതെങ്കിലും രോഗിക്ക് വൈറസ് ബാധയുണ്ടായാൽ ഗുരുതരമായ രോഗ വ്യാപനം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് കാൻസർ വിഭാഗം ഇതിനകം നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തിൽ രോഗികളെ കഴിവതും ഡിസ്ചാർജ് ചെയ്യേണ്ടിവരുമെന്നും അറിയിച്ചു കഴിഞ്ഞു. ഇത് കാൻസർ പാലിയേറ്റീവ് വിഭാഗം രോഗികളെ ബാധിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കാൻസർ വിഭാഗം ഡോ.പി.എസ്.ശബരീനാഥ് ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിട്ടുണ്ട്.

 അനുകൂല നടപടിയില്ല


ആശുപത്രി അധികൃതർ നഗരസഭാ സെക്രട്ടറിയുമായി വിഷയം നേരിട്ട് ചർച്ച ചെയ്തുവെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ല. പുതിയ കെട്ടിടത്തിന്റെ 15 മീറ്റർ താഴെ വരുന്ന ഭാഗത്ത് ഭാഗികമായ പ്രവർത്തനാനുമതിയാണ് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് നേരത്തെ നൽകിയ കത്ത് നഗരസഭാ എൻജിനീയറിംഗ് വിഭാഗത്തിലും കഴിഞ്ഞ ദിവസം നൽകിയ കത്ത് സെക്രട്ടറിയുടെ കൈവശവുമാണ്. 50 പേരിൽ കൂടുതൽ കൂട്ടം ചേരരുതെന്ന അരോഗ്യ വകുപ്പ് നിർദ്ദേശം നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നിലവിൽ പാലാ ജനറൽ ആശുപത്രി അധികൃതർ.

 ജനറൽ ആശുപത്രി മന്ദിരം ഉടൻ തുറക്കണം

പാലാ: ജനറൽ ആശുപത്രിയുടെ പുതിയ മന്ദിരം എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് നഗരസഭാ ഭരണ പക്ഷാംഗങ്ങൾ ചെയർപേഴ്‌സണോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികളുമായി തങ്ങൾക്കു തന്നെ മുന്നോട്ടിറങ്ങേണ്ടി വരുമെന്നും ഭരണപക്ഷാംഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ കൗൺസിലിൽ യോഗത്തിൽ പുതിയ കെട്ടിടത്തിന് ഭാഗിക ഒക്കുപ്പൻസി നൽകി ഒ.പി വിഭാഗം മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഭരണപക്ഷാംഗങ്ങൾ തന്നെ കുറ്റപ്പെടുത്തുന്നു

ഈ സാഹചര്യം അടിയന്തരമായി വിലയിരുത്തി സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിശോധിച്ച് ഉടൻ തീർപ്പ് കൽപ്പിക്കുന്നതിന് അശുപത്രി സുപ്രണ്ട്, ആർ. എം. ഒ. പി.ഡബ്ലു.ഡി ബിൽഡിംഗ് എൻജീനിയർ, ഇലക്ടിക്കൽ എൻജീനിയർ, മുനി. സെക്രട്ടറി, മുനിസിപ്പൽ എൻജീനിയർഎന്നിവരുടെ യോഗം തിങ്കളാഴ്ച തന്നെ വിളിച്ച് കൂട്ടാൻ ചെയർപേഴ്‌സനോട് ഭരണപക്ഷം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അടിയന്ത കൗൺസിലിന് നോട്ടിസ് നൽകുമെന്നും മുൻ ചെയർപേഴ്‌സൺ ബിജി ജോജോ ,കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവൻ എന്നിവർ മുന്നറിയിപ്പു നൽകി.

 ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കും


പാലാ: ജനറൽ അശുപത്രി പുതിയ ബ്ലോക്കിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ ജില്ലാ ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് ജില്ലാ ഓഫീസിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി.ഇതിനായുള്ള മുന്നൊരുക്കങ്ങൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എൻ.വിദ്യാധരൻ, ജില്ലാ ടി.ബി ഓഫീസർ ഡോ. ടിങ്കിൾ പ്രഭാകരൻ എന്നിവർ പാലാ ജനറൽ ആശുപത്രിയുടെ പുതിയ അഞ്ച് നിലകളോടെയുള്ള കെട്ടിട സമുച്ചയത്തിൽ എത്തി പരിശോധന നടത്തി. 300 ൽ പരം കിടക്കകൾ ക്രമീകരിക്കാമെന്ന് റിപ്പോർട്ട് നൽകി തിരക്കേറിയ ഒ.പി വിഭാഗങ്ങളും ഇവിടെ ക്രമീകരിക്കും.

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി..മാത്യു., ഓങ്കോളജി വിഭാഗം തലവൻ ഡോ. പി. എസ്.ശബരീനാഥ് എന്നിവരും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുമായി ചർച്ച നടത്തി.
മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉപയോഗിക്കാതെ കിടക്കുന്ന ഒ.പി. ബ്ലോക്ക് അടിയന്തിര സ്വഭാവത്തിൽ ശുചീകരണം നടപ്പാക്കി ഉപയോഗപ്രദമാക്കുന്നതിന് നഗരസഭയുമായി ബന്ധപ്പെടുവാനും പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ വകുപ്പുകളുടെയും യോഗം വിളിച്ചു ചേർക്കുവാനും ആരോഗ്യ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയക്ടർ ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
പനി ബാധിച്ചവർക്കായി പ്രത്യേക ക്ലിനിക്ക് ജനറൽ ആശുപത്രിയിൽ ആരംഭിച്ചു.ആശുപത്രി കോമ്പൗണ്ടിലുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയാണ് ഇതിനുള്ള പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത് തിരക്ക് കുറയ്ക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രോഗീ സന്ദർശനം പരിമിതപ്പെടുത്തും.