 പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി

കോട്ടയം : കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം ജില്ലയിൽ പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സ്‌പ്രേയറുകൾ ഉപയോഗിച്ച് അണുനശീകരണം നടത്തുക. സർക്കാർ ഓഫീസുകളിൽ അണുനശീകരണം നടത്തുന്നുണ്ടെന്ന് ഓഫീസ് മേധാവികൾ ഉറപ്പാക്കണം. ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ പ്രയോജനപ്പെടുത്തി കൈകൾ ശുചീകരിക്കാനും ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ജില്ലയിലെ പ്രതിരോധ നടപടികൾ കളക്ടറേറ്റിൽ ചേർന്ന യോഗം അവലോകനം ചെയ്തു. കളക്ടർ പി.കെ.സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ്, മുനിസിപ്പൽ സെക്രട്ടറി ഇ.ടി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


തിരുവാർപ്പിൽ മന്ത്രി സന്ദർശനം നടത്തി
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ ഏറ്റവുമധികം ആളുകൾ ഹോം ക്വാറന്റയിനിൽ കഴിയുന്ന തിരുവാർപ്പ് പഞ്ചായത്തിൽ മന്ത്രി പി. തിലോത്തമൻ സന്ദർശനം നടത്തി. ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘത്തിനൊപ്പമെത്തിയ മന്ത്രി പൊതുസമ്പർക്കമില്ലാതെ കഴിയുന്ന ഒരു കുടുംബവുമായി സംവദിച്ചു. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, എ.ഡി.എം. അനിൽ ഉമ്മൻ,പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ മന്ത്രി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.