പാലാ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശയാത്ര കഴിഞ്ഞെത്തിയവർ കർശന നിരീക്ഷണത്തിൽ. 250-ഓളം പേരാണ് പാലാ പൊലീസ് സ്‌റ്റേഷൻ അതിർത്തിയിൽ മാത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ആരോഗ്യവകുപ്പിന്റെയും ജനമൈത്രീ പൊലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നിരീക്ഷണവലയത്തിലാണ് ഇവർ വീടുകളിൽ കഴിയുന്നത്. പുറത്തിറങ്ങുന്നവരുടെ വിവരം ധരിപ്പിക്കാൻ നാട്ടുകാരും ജാഗ്രത പാലിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ തങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്, ജനമൈത്രീ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുമ്പ് വിദേശയാത്ര നടത്തിയിട്ടുള്ളവരുടെ വീടുകളിൽ ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥർ ഫോൺ വിളിച്ച്
സമീപകാലത്ത് വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ടോയെന്ന് തെരക്കുന്നുണ്ട്. കൊറോണ ബാധിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നും കുടുംബാംഗങ്ങളിൽ ആരെങ്കിലും നാട്ടിൽ എത്തിയിട്ടുണ്ടോയെന്നും ആരായുന്നുണ്ട്. ഇതരസംസ്ഥാനത്തു നിന്നെത്തിയ വിദ്യാർഥികളുൾപ്പെടെയുളളവരും നിരീക്ഷണത്തിലാണ്. ഇവരോടും പരമാവധി ദിവസം വീടുകളിൽ കഴിയാനും പനിയോ, ജലദോഷമോ, ചുമയോ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവിരം അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.