കഴിഞ്ഞ മഹാപ്രളയകാലത്തെന്ന പോലെ കൊറോണ വ്യാപനം തടയുന്നതിന് കോട്ടയത്ത് മത - രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചതിന് ചിയേഴ്സ് വിളിക്കുകയാണ് ചുറ്റുവട്ടം. ഇറ്റലിയിൽ നിന്ന് വന്ന പത്തനംതിട്ടക്കാരെ സ്വീകരിക്കാൻ ചെങ്ങളത്തിൽ നിന്ന് പോയ രണ്ട് ബന്ധുക്കൾക്കാണ് കോട്ടയത്ത് കൊറോണ സ്ഥീരികരിച്ചത്. ഇവരും പത്തനംതിട്ടക്കാരുടെ വൃദ്ധമാതാപിതാക്കളുമായിരുന്നു വൈറസ് ബാധിച്ച് മെഡിക്കൽ കോളേജാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ. പ്രായാധിക്യത്തിന്റെ അവശതയും ഹൃദ്രോഗവും കാരണം വൃദ്ധമാതാപിതാക്കളെ രക്ഷിക്കാൻ കഴിയുമോയെന്ന് സംശയിച്ചിരുന്നു. എന്നാൽ ഡോക്ടർമാരുടെ നല്ല പരിചരണം ലഭിച്ചതിനൽ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നു.

ഇവർക്ക് എന്തെങ്കിലം സംഭവിച്ചിരുന്നെങ്കിൽ അത് കൊറോണ മരണമായേനേ. അങ്ങനെ സംഭവിക്കാതിരുന്നതിന് നന്ദി പറയേണ്ടത് ഇവരെ ആത്മാർത്ഥമായി പരിചരിച്ച ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കുമാണ്. ചെങ്ങളംകാരുടെ കുട്ടി ഐസൊലേഷൻ വാർഡിൽ ചിത്രരചനയിലും കളികളിലും മുഴുകിയിരിക്കുകയാണ്. പടംവരയ്ക്കാനാവശ്യമായ സാധന സാമഗ്രികൾ വരെ വാങ്ങിക്കൊടുത്തത് ഡോക്ടർമാരായിരുന്നു. ചെങ്ങളത്തുള്ളവർക്ക് കൊറോണ ബാധിച്ചുവെന്ന വാർത് പരന്നതോടെ ചില സദാചാര പൊലീസുകാർ അയൽവാസികളെ ബഹിഷ്കരിക്കാനും കടകളടപ്പിക്കാനും മറ്റും ശ്രമമുണ്ടായെങ്കിലും രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഇടപെടൽ കാരണം രോഗികളുമായി ബന്ധപ്പെട്ടവരെ ഒറ്റപ്പെടുത്താനുള്ള നീക്കം പൊളിക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചുകൊടുക്കുന്ന ജീവകാരുണ്യ പ്രവർത്തനത്തിനും എല്ലാവരും മുന്നിൽ നിന്നു. മുഖാവരണം പോലുമില്ലാതെ എല്ലാറ്റിനും ചുക്കാൻ പിടിച്ച സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവനും 'അഭയ' എന്ന ജീവകാരുണ്യ പ്രസ്ഥാനവും ഇക്കാര്യത്തിൽ ഏറെ പ്രശംസനീയ പ്രവർത്തനമാണ് കാഴ്ചവച്ചത്.

ജില്ലാ കളക്ടർ, ഡി.എം.ഒ ,എന്നിവരുടെ പ്രവർത്തനവും മാതൃകാപരമായി. ചെങ്ങളംകാർ രണ്ടു തവണ ചികിത്സക്കെത്തിയ തിരുവാതുക്കലിലെ ഡിസ്പെൻസറി അടയ്ക്കാൻ ഡോക്ടർ തയ്യാറാകാതിരുന്നപ്പോൾ കളക്ടർ ഇടപെട്ടാണ് അടപ്പിച്ചത്. അവിടെ പരിശോധനയ്ക്ക് എത്തിയ മുന്നൂറോളം പേരെ വീടുകളിൽ നിർബന്ധിച്ച് നിരീക്ഷണത്തിലാക്കിയതും രോഗം വ്യാപിക്കാതിരിക്കാൻ കാരണമായി. മുഖാവരണവും സാനിറ്റൈസേഷനും പലരും അമിത വില ഈടാക്കിയപ്പോൾ കടകൾ റെയ്ഡ് ചെയ്തു കരിഞ്ചന്ത കച്ചവടത്തിന് തടയിടാനായി. ആരാധനാലയങ്ങളിൽ ആൾ കൂടുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചതും പ്രയോജനം ചെയ്തു. പകൽപ്പൂരമടക്കം തിരുനക്കര ഉത്സവപരിപാടികൾ മാറ്റിവച്ചു. പള്ളികളിലെ ആരാധനകളിൽ ആൾക്കൂട്ടമൊഴിവാക്കി. കുർബാന ഓൺലൈനിൽ കാണിക്കുന്നതിന് വരെ ഇത് വഴിയൊരുക്കി.

സാനിറ്റൈസർ കിട്ടാതെ വരികയും പലരും അമിത വില ഈടാക്കുകയും ചെയ്തപ്പോൾ എം.ജി സർവകലാശാലയും സി.എം.എസ് കോളേജും ജില്ലാ ആശുപത്രിയിലുമൊക്കെ സാനിറ്റൈസർ ഉണ്ടാക്കിയായിരുന്നു കരിഞ്ചന്തയും അമിത വില ഈടാക്കലും പൊളിച്ചത്. സംസ്ഥാന സർക്കാർ കൊറോണക്കെതിരെ നടത്തിയ യുദ്ധപ്രഖ്യാപനമായ 'ബ്രേക്ക് ദ ചലഞ്ച് ' പരിപാടി വൻ വിജയമായതിന് പിന്നിൽ മതരാഷ്ട്രീയത്തിനതീതമായ പ്രവർത്തനമായിരുന്നു. വിവിധ സന്നദ്ധസംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും എൻ.ജി.ഒസിന്റെയും നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം കൈകഴുകി വൃത്തിയാക്കുന്നതിനുള്ള സംവിധാനമൊരുക്കിയത് കോട്ടയത്ത് കൊറോണ വ്യാപനം തടയുന്നതിന് ഏറെ പ്രയോജനം ചെയ്തു. ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരുമെല്ലാം ഒന്നിച്ചുനിന്നതാണ് കോട്ടയത്ത് കൊറോണ വ്യാപനം തടയാൻ സഹായകമായത്. ജനങ്ങളിൽ ഭീതി പടർത്താൻ ശ്രമിക്കാതെ പോസിറ്റീവായ വാർത്തകൾ നൽകി ഇക്കാര്യത്തിൽ ദൃശ്യ അച്ചടി മാദ്ധ്യമങ്ങൾ നൽകിയ പങ്കും പ്രശംസനീയമായിരുന്നു. വികസനകാര്യത്തിൽ പോലും വിവാദം ഉണ്ടാക്കുന്നവർ ഏറെയുള്ള കോട്ടയത്ത് കൊറോണക്ക് തടയിടുന്ന കാര്യത്തിൽ ഉണ്ടായ കൂട്ടായ്മയ്ക്ക് ചുറ്റുവട്ടത്തിന്റെ ബിഗ് സല്യൂട്ട്....