അടിമാലി: കൊറോണയുടെ പശ്ചാത്തലത്തിൽ റേഷൻ കടകളിൽ അരിയുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും റേഷൻ കടകളുടെ ശുചിത്വം ബോധ്യപ്പെടുന്നതിനുമായി ദേവികുളം താലൂക്കിലെ വിവിധ റേഷൻ കടകളിൽ ഭക്ഷ്യകമ്മിഷൻ പരിശോധന നടത്തി. കമ്മിഷൻ അംഗം അഡ്വ. ബി രാജേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന റിപ്പോർട്ട് കമ്മീഷൻ സർക്കാരിന് സമർപ്പിക്കും. റേഷൻകടകളുടെ പ്രവർത്തന നിലവാരം ബോധ്യപ്പെടുന്നതിനൊപ്പം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക കൂടിയാണ് സന്ദർശന ലക്ഷ്യമെന്ന് രാജേന്ദ്രൻ പറഞ്ഞു. റേഷൻകടകൾക്ക് പുറമെ താലൂക്കിലെ നാല് എൻ.എഫ്. എസ്. എ ഡിപ്പോകളിലും കമ്മിഷൻ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. റേഷൻ കടകളിൽ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന രീതി, കടകളുടെയും പരിസരപ്രദേശങ്ങളുടെയും ശുചിത്വം, ഉപഭോക്താക്കൾക്ക് റേഷൻ സാധനങ്ങൾ സമയ ബന്ധിതമായി ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കമ്മീഷൻ പരിശോധിച്ചു. ഉടുമ്പൻചോല താലൂക്കിലെ പരിശോധന പൂർത്തീകരിച്ച ശേഷമാണ് കമ്മിഷൻ ദേവികുളം താലൂക്കിൽ പരിശോധനക്കെത്തിയത്. താലൂക്ക് സപ്ലൈ ഓഫീസർ എൻ. ശ്രീകുമാർ, സപ്ലൈ ഓഫീസ് ജീവനക്കാരായ എൻ. രവികുമാർ, ആർ. രാജീവ്, അജിത്കുമാർ, ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.