കോട്ടയം : മണിപ്പുഴ ഈരയിൽകടവ് ബൈപ്പാസ് റോഡിന്റെ അരികിലുള്ള പൂഴിക്കുന്ന് പാടശേഖരത്തിലെ പുറംബണ്ടിന് തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ കെടുത്തി. 27 വർഷമായി തരിശ് കിടന്നിരുന്ന 127 ഏക്കറുള്ള പൂഴിക്കുന്ന് പാടശേഖരത്തിൽ മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയിരിക്കുന്നത്. സ്റ്റേഷൻ ഓഫിസർ കെ.വി ശിവദാസൻ, ലീഡിംഗ് ഫയർമാൻ ശ്രീകുമാർ, ഫയർമാൻമാരായ എ.കെ സുരേഷ്, ലതീഷ്, റോഷിൻ കർഷകരായ കെ.ഒ അനിയച്ചൻ, ഇ.ജി സുരേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുത്ത ചൂടിലും ആളിപ്പടർന്ന തീ കെടുത്തി 127 ഏക്കറിലെ കൃഷി സംരക്ഷിച്ചത്. തീയിട്ടതിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നാണ് ആരോപണം.