pachakari-jpg

തലയോലപ്പറമ്പ് :കൊറോണ സമൂഹ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുകയും ഇന്ന് 14 മണിക്കൂർ ജനതാ കർഫ്യൂ പ്രഖ്യാപിച്ചതുമായ പശ്ചാത്തലത്തിൽ ഇന്നലെ തലയോലപ്പറമ്പ് മാർക്കറ്റിലെ പച്ചക്കറി, പലചരക്ക് കടകളിൽ രാവിലെ മുതൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ്‌നാട് അടക്കമുള്ള അതിർത്തി അടച്ചിടുമെന്നും സാധനങ്ങളുടെ വരവ് നിലയ്ക്കുമെന്നും ആശങ്ക പരന്നതോടെയാണ് പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങൻ ജനം കൂട്ടത്തോടെ ഇറങ്ങിയത്. തലയോലപ്പറമ്പ് സപ്ലെകോ ലാഭം മാർക്കറ്റിൽ ഇന്നലെ രാവിലെ തുറന്നത് മുതൽ അപ്രതീക്ഷിതമായി വൻ തിരക്ക് അനുഭവപ്പെട്ടതോടെ പൊലീസ് എത്തി അകത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും പുറത്തിറക്കിയ ശേഷം സ്ഥാപനം അടപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തുടർന്ന് മതിയായ അകലം പാലിച്ച് ഉപഭോക്താക്കളെ ക്യൂ നിർത്തിയ ശേഷമാണ് ലാഭം മാർക്കറ്റ് പിന്നീട് തുറന്നത്. ഒരേസമയം 10പേരെ വീതമാണ് ഇതിന് ശേഷം അകത്തു കടക്കാൻ അനുവദിച്ചത്. തലയോലപ്പറമ്പ് മാർക്കറ്റിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.പല കടകളിലും അപ്രതീക്ഷിതമായിട്ടുണ്ടായ തിരക്കിനെ തുടർന്ന് ഉച്ചയോടെ സാധനങ്ങൾ ഏറെക്കുറെ കാലിയായി. ബിവറിജസ് ഷോപ്പ്, ബാറുകൾ എന്നിവയും കർഫ്യൂ സാഹചര്യത്തിൽ അടക്കുമെന്നായതോടെ തലയോലപ്പറമ്പ്, വൈക്കം ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഇന്നലെ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളിൽ അകലം പാലിക്കാതെയും യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാതെയാണ് ജനങ്ങൾ ക്യൂവിൽ നിന്നിരുന്നത്.അടുത്ത കാലത്തുണ്ടായതിൽ വച്ച് ഏറ്റവും കൂടിയ കളക്ഷനാണ് ഇന്നലത്തെ ഒരു ദിവസത്തെ വിറ്റുവരവിൽ നിന്നും ഔട്ട് ലെറ്റുകൾക്ക് ലഭിച്ചത്. ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.