വൈക്കം:കൊറോണ ഭീതിയെ തുടർന്ന് തൊഴിൽ മേഖല സ്തംഭിച്ചതോടെ ഗ്രാമീണ മേഖലയിൽ ജനജീവിതം ദുരിതപൂർണമായി. വരുമാനം ഇല്ലാതായതോടെ കുടുംബത്തിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ മാർഗമില്ലാതെ നട്ടം തിരിയുകയാണ് ആളുകൾ.യാതനകൾക്കിടയിൽ നിർധന കുടുംബങ്ങളെ വീർപ്പുമുട്ടിക്കുന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ തുക പിരിക്കലാണ്. സ്ത്രീകളുടെ അഞ്ചും പത്തും പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് 15000 മുതൽ ഒരു ലക്ഷം വരെ വ്യക്തിഗത വായ്പ നൽകിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഒരു സത്രീ തന്നെ നാലും അഞ്ചും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിൽ വായ്പ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപന വായ്പയ്ക്കു പുറമെ കുടുംബശ്രീ വായ്പയും ബാങ്കിൽ നിന്നെടുത്ത ഭവന നിർമ്മാണ വായ്പയും ഇവരിൽ പലർക്കുമുണ്ട്. കൂലിപ്പണിക്കാരും വ്യാപാര സ്ഥാപനങ്ങളിലടക്കം തൊഴിലെടുക്കുന്നവരുമായ വനിതകൾ ജീവിതച്ചെലവുകൾ ചുരുക്കി മുടക്കമില്ലാതെ ആഴ്ചയിലും മാസത്തിലുമായി വായ്പ തുക അടച്ചു വരികയായിരുന്നു. പലർക്കും പല വായ്പകൾക്കായി ഒരു മാസം 15000ത്തിലധികം രൂപ വരെ അടയ്‌ക്കേണ്ടി വരുന്നുണ്ട്. സ്ത്രീകളുടെ വരുമാനത്തിനു പുറമെ ഗൃഹനാഥനിൽ നിന്നു ലഭിക്കുന്ന തുക കൂടി ചേർത്താണ് വീട്ടമ്മമാർ ഈവായ്പകൾ അടച്ചിരുന്നത്.കൊറോണ ഭീതി മൂലം തൊഴിൽ മേഖല സ്തംഭിച്ചതോടെ നിർധന കുടുംബങ്ങൾക്ക് വായ്പയടക്കാൻ മാർഗമില്ലാതായിരിക്കുകയാണ്.നാടാകെ കൊറോണ വ്യാപന ജാഗ്രതയിൽ വീടുകളിൽ കഴിയുമ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഇളവ് നൽകാതെ നാട്ടിൽ വായ്പ തുക സ്വീകരിക്കാൻ എത്തുകയാണ്. വായ്പ അടയ്ക്കാൻ മാർഗമില്ലാതെ നട്ടംതിരിയുന്ന കുടുംബങ്ങളിൽ പലതവണ എത്തി കലഹിച്ചു പണം ഇടാക്കിയാക്കിയാണിവർ മടങ്ങുന്നത്. രോഗഭീതി മാറി ജനജീവിതം സാധാരണ സ്ഥിതിയിലാകുന്നതുവരെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ തുക ഇടാക്കൽ ഒഴിവാക്കുന്നതിനു തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രിയ പ്രസ്ഥാനങ്ങളും ഇടപെടണമെന്ന ആവശ്യമുയരുന്നുണ്ട്.