അച്ചിനകം : ബ്രേക്ക് ദ ചെയിൻ, ജനത കർഫ്യു എന്നിവയുടെ വ്യാപക പ്രചാരണത്തിന്റെ ഭാഗമായി അച്ചിനകം പള്ളിയുടെ സഹകരണത്തോടെ എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ സംഘടിപ്പിച്ച ജാഗ്രതാദിനത്തോടനുബന്ധിച്ച് വെച്ചൂർ അച്ചിനകം ബസ് സ്റ്റോപ്പിന് സമീപം തയ്യാറാക്കിയ കൈകഴുകുന്നതിനും സാനിറ്റൈസർ ഉയോഗിക്കുന്നതിനുമുള്ള സൗകര്യം ഗ്രാമപഞ്ചായത്തംഗങ്ങളായ സോജി ജോർജ്, ശാലിനി ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സനു പുതുശേരി, അച്ചിനകം എസ്.എൻ.ഡി.പി. ശാഖായോഗം പ്രസിഡന്റ് വി.കെ.സുഗുണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രഭാസുതൻ, ഡോ .സിസ്റ്റർ ജോസ് മരിയ, കൈക്കാരൻ സജി വർഗീസ് എന്നിവർ പങ്കെടുത്തു.
എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിലായി അതിരൂപതാതിർത്തിയിലെ മുന്നൂറ്റമ്പതോളം ഇടവകകളുടെ ആഭിമുഖ്യത്തിൽ ആയിരത്തിലേറെ കേന്ദ്രങ്ങളിൽ കൈകഴുകുന്നതിനും സാനിറ്റൈസർ ഉയോഗിക്കുന്നതിനുമുള്ള ഹബുകൾ സഹൃദയ ജാഗ്രതാ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞതായി സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ പറഞ്ഞു. രോഗപ്രതിരോധത്തെക്കുറിച്ചുള്ള നോട്ടീസുകളും പൊതുജനസേവനപ്രവർത്തങ്ങളിലേർപ്പെടുന്നവർക്ക് മാസ്‌കുകളും സഹൃദയ വിതരണം ചെയ്യുന്നുണ്ട്.