കോട്ടയം: നിയന്ത്രണം വിട്ട കാർ രണ്ടു കാറിലും സ്‌കൂട്ടറിലും ഇടിച്ച് യാത്രക്കാരിയ്‌ക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനു മുന്നിലായിരുന്നു അപകടം. ഉച്ചയ്‌ക്ക് 2.30നായിരുന്നു അപകടമുണ്ടായത്. ബേക്കർ ജംഗ്ഷൻ ഭാഗത്തേയ്‌ക്കു വരികയായിരുന്ന കാർ നിയന്ത്രണം നഷ്‌ടമായി വഴിയരികിൽ പാർക്ക് ചെയ്‌തിരുന്ന മറ്റൊരു കാറിൽ ആദ്യം ഇടിച്ചു. തുടർന്ന്, ഈ കാർ മുന്നിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിൽ ഇടിച്ചു കയറി. ആദ്യം അപകടത്തിൽപ്പെട്ട കാർ നിയന്ത്രണം നഷ്‌ടമായി മറ്റൊരു കാറിന്റെ വാതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ സ്‌കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപെട്ടത്. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.