വൈക്കം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ഇന്നലെ ദേവസ്വം ബോർഡിന്റെ ഉത്തരവ് ലഭിച്ചയുടൻ വൈക്കത്ത് നിയന്ത്രണം നിലവിൽ വന്നു. 31 വരെ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നാലു ഗോപുര നടകളും അടയ്ക്കും. രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും നട തുറന്ന് പൂജാദികർമ്മങ്ങൾ നടത്തും. വൈക്കം ക്ഷേത്രത്തിൽ നടന്നുവരുന്ന പ്രാതൽ വഴിപാട് മാന്യ സ്ഥാനത്ത് ഇല വച്ച് ഭഗവാന് വിളമ്പി ചടങ്ങ് മാത്രമായി നടത്തും. അന്നദാനം, പ്രാതൽ, അത്താഴ ഊട്ട് എന്നിവ ഉണ്ടായിരിക്കില്ല. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനും തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിനും നിയന്ത്രണം ബാധകമാണ്.