കോട്ടയം: കൊറോണ രോഗവ്യാപനം അപകടകരമായ നിലയിലേക്ക് വ്യാപിക്കുമ്പോൾ ജാഗ്രതയിലേക്ക് ഓരോരുത്തരും നീങ്ങണമെന്ന് മാർഗദർശക് മണ്ഡൽ അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരിയും ജന.സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയും അഭ്യർത്ഥിച്ചു. ഗവൺമെന്റുകളും അതിന്റെ സംവിധാനങ്ങളും അവർക്കാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഈ ഉദ്യമങ്ങൾക്ക് പൂർണ പിന്തുണ നൽകി സഹകരിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്മാരുടേയും ഉത്തരവാദിത്വമാണ്. എത്ര തന്നെ വേദനയുണ്ടാക്കുന്ന കാര്യമാണെങ്കിലും ഭക്തജനങ്ങൾ തങ്ങളുടെ ആരാധനാലയങ്ങളിൽ നിന്ന് രോഗവ്യാപനം നിയന്ത്രണത്തിലാകുന്നതു വരെ വിട്ടു നില്ക്കണം. അപരന്റെ ജീവന് ഹാനിയാകുന്ന ഒരാരാധനയും ഉത്സവവും ആഘോഷവും ഈശ്വരൻ ഇഷ്ടപ്പെടുകയില്ല. ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്ന വ്യക്തിശുചിത്വം പാലിച്ചു കൊണ്ടുമാത്രമേ പൊതു ഇടങ്ങളിൽ ഇടപെടാവൂ. ലോകം അപകടകരമായ നിമിഷങ്ങളെ അഭിമുഖീകരിക്കുമ്പോൾ സ്വാർത്ഥമായ ഇഷ്ടാനിഷ്ടങ്ങൾ ഒഴിവാക്കി പൊതു രക്ഷയ്ക്കായി ഓരോ പൗരനും പ്രവർത്തിക്കണം എന്നും ഇരുവരും ആവശ്യപ്പെട്ടു.