പൊൻകുന്നം: 2019-20 സാമ്പത്തിക വർഷത്തിൽ പദ്ധതി തുക വിനിയോഗത്തിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്. ട്രഷറി പെൻഡിംഗ് ബില്ല് ഉൾപ്പടെ 94 ശതമാനം ഫണ്ടും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിച്ചു. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ ശരാശരി 52 ശതമാനം മാത്രമുള്ളപ്പോഴാണ് വാഴൂരിന്റെ നേട്ടം. പുതുമയാർന്നതും ജനങ്ങൾക്ക് പ്രയോജനകരവുമായ നിരവധി പദ്ധതികളാണ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത്. ലൈഫ് ഭവനപദ്ധതിക്ക് 90 ലക്ഷം,വൈദ്യുതി ലൈൻ ദീർഘിപ്പിക്കാൻ 11 ലക്ഷം, ബ്ലോക്ക് ഓഫീസ്, കറുകച്ചാൽ ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചതിന് 18 ലക്ഷം രൂപയും വിനിയോഗിച്ചു.

ക്ഷീരകർഷകർക്ക് പാൽ സബ്‌സിഡിക്ക് 35 ലക്ഷം, കാലിത്തീറ്റ സബ്‌സിഡിക്ക് 5 ലക്ഷം, മൂന്നു വായനശാലകൾക്ക് പുതിയ കെട്ടിടങ്ങൾ, 19 വായനശാലകൾക്ക് ഉപകരണങ്ങൾ, 10 സ്‌കൂളുകളിൽ 26 ലക്ഷം രൂപ മുടക്കി ഷീ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു. പാലിയേറ്റിവ് രോഗീപരിചരണത്തിന് 8 ലക്ഷം ചെലവഴിച്ചു. 6 പഞ്ചായത്തുകളിലായി 28 ഗ്രാമീണ റോഡുകൾക്ക് 56 ലക്ഷം ചെലവഴിച്ചു. പട്ടികജാതി വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി 32 ലക്ഷം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കിയത്.

 നടപ്പിലാക്കിയ മറ്റു പ്രവർത്തനങ്ങൾ

പട്ടികജാതി വനിതകൾക്ക് ഓട്ടോറിക്ഷകൾ വിതരണം ചെയ്തു

 വനിതകൾക്കായി കാൻസർ നിർണയക്യാമ്പ് സംഘടിപ്പിച്ചു

 പട്ടികജാതി കോളനികളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചു

 സ്‌കൂളുകളിൽ നാപ്കിൻവൈൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു

 സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു