കാഞ്ഞിരപ്പള്ളി: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിലേക്കുള്ള രണ്ട് പ്രവേശനകവാടങ്ങളിൽ ഒന്ന് അടച്ചു. ഇതോടൊപ്പം ഓഫീസിൽ എത്തുന്നവരോട് ആവശ്യങ്ങൾ അന്വേഷിക്കാൻ ഹെൽപ് ഡെസ്‌ക് തുറന്നു. ഫ്രണ്ട് ഓഫീസ് മാതൃകയിൽ അപേക്ഷകളും മറ്റും ഹെൽപ് ഡെസ്‌കിൽ സ്വീകരിച്ച് അതത് വിഭാഗങ്ങളിലേക്ക് കൈമാറും. അത്യാവശ്യമുള്ളവരെ മാത്രമേ ഓഫീസിനുള്ളിലേക്ക് കടത്തിവിടു. അതും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയതിനുശേഷം മാത്രം. നിരീക്ഷണത്തിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. അപേക്ഷകൾ കഴിവതും ഇമെയിലിൽ നൽകണമെന്നാണ് നിർദ്ദേശം. ഫീൽഡ് ജീവനക്കാരുടെ ജോലികളിലും നിയന്ത്രണം ഏർപ്പെടുത്തി.