ഒടുവിൽ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ അഭയം
കോട്ടയം : ട്രെയിൻ റദ്ദാക്കിയത് അറിയാതെ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇതരസംസ്ഥാന തൊഴിലാളിസംഘം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി. സ്റ്റേഷനുള്ളിലും പരിസരത്തും ഇരിക്കാനാവില്ലെന്ന് വിലക്കി, 28 അംഗ സംഘത്തെ റെയിൽവേ അധികൃതരും റെയിൽവേസംരക്ഷണ സേനയും ചേർന്ന് ആട്ടിയോടിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഇടപെട്ടതോടെ ഇവർക്ക് ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ അഭയം ലഭിച്ചു. നെടുങ്കണ്ടത്തെ ലക്ഷ്‌മി, കാമാക്ഷി തെയില എസ്റ്റേറ്റുകളിലെ ജീവനക്കാരും കുടുംബാംഗങ്ങളും അടങ്ങിയ 28 അംഗ സംഘംമാണ് ശനിയാഴ്‌ച വൈകിട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വൈകിട്ട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് ഇവർ കഴിഞ്ഞത്. ഇന്നലെ രാവിലെ മാത്രമാണ് ട്രെയിൻ റദ്ദ് ചെയ്തത് അറിഞ്ഞത്. ഇതിനിടെ ഇവരോട് റെയിൽവേ പ്ളാറ്റ്ഫോമിൽ നിന്ന് പുറത്തേയ്‌ക്കു പോകാൻ റെയിൽവേ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇവർ സ്റ്റേഷനു പുറത്തെ ടാക്‌സി ഡ്രൈവർമാരുടെ വിശ്രമ കേന്ദ്രത്തിൽ വിശ്രമിച്ചു.
ഉച്ചയോടെ റെയിൽവേ സംരക്ഷണസേനാ അധികൃതർ സ്ഥലത്ത് എത്തി, റെയിൽവേ പരിസരത്ത് നിന്ന് പുറത്തിറങ്ങണമെന്ന് ഇവരോട് നിർദ്ദേശിച്ചു. ലാത്തിയും, ചൂരൽവടിയുമായി എത്തിയാണ് എ.എസ്.ഐ അടക്കം ഇവരെ പുറത്താക്കാൻ ശ്രമിച്ചത്. തങ്ങൾ എവിടെ പോകുമെന്നു ചോദിച്ചവരോട് സ്റ്റേഷന് പുറത്തിറങ്ങി ബസ് സ്റ്റാൻഡിൽ പോയിരിക്കാനാണ് നിർദ്ദേശിച്ചത്. പൊലീസും, കളക്ടറുടെ നിർദ്ദേശം അനുസരിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. പൊലീസ് ഉദ്യോഗസ്ഥർ ഇവർക്ക് കുടിവെള്ളം നൽകി. കളക്ടർ ആരോഗ്യവകുപ്പ് അധികൃതരുമായി ആലോചിച്ച ശേഷം ഇവരെ 28 പേരെയും ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിനു മുന്നോടിയായി റെയിൽവേ സ്റ്റേഷനിലെ ഹെൽപ്പ് ഡെസ്‌കിൽ പരിശോധന നടത്തി കൊറോണ ലക്ഷണമില്ലെന്ന് സ്ഥിരീകരിച്ചു. ജനറൽ ആശുപത്രിയിൽ നിന്നുള്ള മൂന്ന് ആംബുലൻസുകളിലായാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.