ചങ്ങനാശേരി: ജനത കർഫ്യൂവിനെ തുടർന്ന് വിജനമായ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി അഗ്‌നിശമനസേനയും. ചങ്ങനാശേരി കെ.എസ്.ആർ ടി.സി ബസ് സ്റ്റാൻഡ്, ഒന്നാം നമ്പർ വാഴൂർ ബസ് സ്റ്റാൻഡ്, രണ്ടാം നമ്പർ പെരുന്ന ബസ് സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങൾ വൃത്തിയാക്കി.
നഗരത്തിൽ എം.സി റോഡിൽ മതുമൂല മുതൽ പെരുന്ന വരെയും എ.സി റോഡിൽ കിടങ്ങറ വരെയും, വാഴൂർ റോഡിൽ കറുകച്ചാൽ വരെയും, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ, കാവാലം ബസാർ, റെഡ് സ്ക്വയർ മുതൽ മതു മൂല ജംഗ്ഷൻ വരെ എന്നിവിടങ്ങളിലും പാതയോരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഫിനോയിൽ ലായനി ഉപയോഗിച്ച് പ്രദേശമെല്ലാം കഴുകി അണുവിമുക്തമാക്കി. മാലിന്യങ്ങൾ നീക്കം ചെയ്തു മാതൃകാപരമായ പ്രവർത്തനമാണ് അഗ്‌നിശമന സേന നടത്തിയത്. വരുംദിവസങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ തുടരുമെന്ന് സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ് പറഞ്ഞു. ഇന്ന് റവന്യബടവർ, കോടതി പരിസരം തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിക്കും. ഇന്നലെ കർഫ്യബ ദിനത്തോടനുബന്ധിച്ച് നഗരത്തിന്റെ തിരക്കേറിയ ഭാഗങ്ങളിലാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്. രാവിലെ 10 ന് തുടങ്ങിയ പ്രവർത്തനം വൈകുന്നേരം വരെ നീണ്ടു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.എസ്. ശശികുമാറിന്റെ നേതൃത്വത്തിൽ റസ്‌ക്യൂ ഓഫീസർമാരായ ബിന്റു ആന്റണി, അരുൺ ബാബു, ജിജോ, അബ്ദുൾ കലാം, സിവിൽ ഡിഫൻസ് വോളന്റിയേഴ്‌സായ തോമസ് മാത്യു, ജി.അനിൽകുമാർ, നിഹാൽ നസീർ, സബിൻ ജോസഫ്,എബു വർഗീസ് എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.