കോട്ടയം : കൊറോണ ബാധ നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ജനതാ കർഫ്യൂവിനോട് സഹകരിച്ച് ജനം വീട്ടിലിരുന്നു.
നിരത്തുകളിൽ വാഹനങ്ങൾ നന്നേ കുറവായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വീടുകൾ ശുചിയാക്കിയാണ് ജനങ്ങളിലേറെപ്പേരും കർഫ്യുവുമായി സഹകരിച്ചത്. വൈകിട്ട് 5 ന് ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ച് വീടുകളുടെ ബാൽക്കണിയിൽ നിന്ന് കൈകൊട്ടി നന്ദി രേഖപ്പെടുത്തി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നാലു ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷനിൽ രണ്ടു ട്രെയിനുകൾ മാത്രമാണ് എത്തിയത്. കേരള എക്‌സ്‌പ്രസും, മറ്റൊരു പാസഞ്ചർ ട്രെയിനും. ഇവിടെ എത്തിയ യാത്രക്കാരെ പരിശോധനയ്‌ക്ക് വിധേയരാക്കി.
പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി
ജനതാ കർഫ്യൂ ദിനത്തിൽ പൊതുഇടങ്ങളിൽ അണുനശീകരണം നടത്തി. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, നാഗമ്പടം, തിരുനക്കര ബസ് സ്റ്റാൻഡുകൾ , കളക്‌ടറേറ്റ് എന്നിവിടങ്ങളാണ് വൃത്തിയാക്കിയത്. വെള്ളം ഒഴിച്ച് വരാന്തകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കി ക്ലോറിനും ബ്ലീച്ചിംഗ് പൗഡറും അണുനാശിനിയും ചേർന്നുള്ള മിശ്രിതം തളിച്ചു. അഗ്‌നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കെ.വി.ശിവദാസൻ നേതൃത്വം നൽകി. വൈകിട്ട് ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ച് 5 മിനിറ്റ് സൈറണും മുഴക്കി.
ജില്ലയിൽ നിയന്ത്രണം തുടരും , കർഫ്യൂ ഇല്ല
കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന നിയന്ത്രണം ജില്ലയിൽ കൂടുതൽ കർശനമായി ഇന്നും തുടരും. എന്നാൽ, ജനതാ കർഫ്യൂ ജില്ലയിൽ തുടരണമെന്ന നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു പറഞ്ഞു. 50 പേരിൽ കൂടുതൽ ഒന്നിച്ച് കൂടരുതെന്ന നിർദ്ദേശം നിർബന്ധമാക്കും. സാധനങ്ങൾ വാങ്ങുന്നതിനടക്കം കടകളിലും സ്ഥാപനങ്ങളിലും എത്തുന്ന ആളുകൾ കൂട്ടം കൂടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.