പാലാ: ജനതാ കർഫ്യൂ പാലായിൽ പൂർണ്ണം. കടകമ്പോളങ്ങളും വ്യാപാരസ്ഥാപനങ്ങളും മാർക്കറ്റുകളും അടഞ്ഞുകിടന്നു. ജനങ്ങൾ പൂർണ്ണമായും തെരുവിൽ ഇറങ്ങാതെ വീടുകളിൽ കഴിഞ്ഞുകൂടി. ആശുപത്രി, മരണാനന്തര ചടങ്ങുകൾ, മരുന്ന് തുടങ്ങിയ അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രമാണ് വാഹനങ്ങളും ആളുകളും പുറത്തിറങ്ങിയത്. മണിക്കൂറുകളോളം നിരത്തിലെങ്ങും ഒരു വാഹനം പോലും ഇല്ലാത്ത അവസ്ഥ ആയിരുന്നു.
സ്വകാര്യ വാഹനങ്ങളും, ഗതാഗത സർവീസുകളും പൂർണ്ണമായും നിറുത്തിയിരുന്നു. രാവിലെ നിരത്തിലിറങ്ങിയ വാഹനങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രക്കാരെ പോലീസ് ഇടപെട്ട് സൗഹൃദപരമായി മടക്കി അയച്ചിരുന്നു. ക്ഷേത്രങ്ങളിൽ പൂജാധി കർമ്മങ്ങൾ 7 മണിക്ക് മുമ്പായി പൂർത്തിയാക്കി. പ്രദേശത്തെ ക്ഷേത്രങ്ങളെല്ലാം പുലർച്ചെ തന്നെ ചടങ്ങുകൾ പൂർത്തിയാക്കി അടച്ചിരുന്നു. പള്ളികളിലും മുസ്‌ളിം പള്ളികളിലും പ്രാർത്ഥനകൾ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ചില പള്ളികളുടെയും വിശ്വാസികളുടെയും നേതൃത്വത്തിൽ ടിവിയിലൂടെയും മൊബൈലിലൂടെയും കുർബാനയും തിരുചടങ്ങുകളും കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
വ്യാപാര സ്ഥാപനകളും, ചന്തകളും, നാട്ടിൻപുറത്തെ മുറുക്കാൻ കടകൾ പോലും അടഞ്ഞു കിടക്കുന്ന അവസ്ഥയായിരുന്നു. രാമപുരം, ഭരണങ്ങാനം, കൊല്ലപ്പള്ളി, പൈക, ചേർപ്പുങ്കൽ, കിടങ്ങൂർ ടൗണുകളെല്ലാം പൂർണ്ണമായി അടഞ്ഞുകിടന്നു.