ചങ്ങനാശേരി: ജനതാ കർഫ്യൂവിൽ ചങ്ങനാശേരി നഗരവും നിശ്ചലമായി. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെയാണു കർഫ്യൂ പ്രഖ്യാപിച്ചതെങ്കിലും ഒൻപതിനു ശേഷവും ജനതാ കർഫ്യൂ തുടരണമെന്ന സർക്കാരിന്റെ നിർദേശവും മാനിച്ചു ജനം പുറത്തിറങ്ങിയില്ല. വൈകിട്ട് അഞ്ചുമണിയോടെ ജനങ്ങൾ വീടിനു പുറത്തെത്തിയും ബാൽക്കെണിയിൽ നിന്നും പാത്രങ്ങൾ കൊട്ടിയും മണിയടിച്ചും കൈയ്യടിച്ചും ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കർഫ്യു ദിനത്തിൽ വീടുകളിലായിരുന്നവർ വീടും പരിസരവും ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ചെറു വ്യാപാരസ്ഥാപനങ്ങൾ, ആരാധാനലയങ്ങൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി എല്ലാം തന്നെ അടഞ്ഞനിലയിലായിരുന്നു.