പാലാ: ജനറൽ ആശുപത്രിയുടെ പുതിയ മന്ദിരം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു 'കേരള കൗമുദി" യോടു പറഞ്ഞു. എന്നാൽ ഏത് അടിയന്തിര സാഹചര്യത്തേയും നേരിടാനുള്ള കരുതലിനായി ഈ പുതിയ മന്ദിരവും കണ്ടു വെച്ചിട്ടുണ്ട്. നിലവിൽ പി.ഡബ്ലൂ.ഡി. ഇലക്ട്രിക്കൽ ഡിവിഷന്റെ ചുമതലയിലാണ് ഈ കെട്ടിടം. അവരുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് കിട്ടേണ്ടതുണ്ട്. നിലവിൽ നിയമ നടപടികൾ പൂർത്തിയാക്കിയേ മന്ദിരം തുറക്കാനാവൂ. എന്നാൽ അടിയന്തിര ഘട്ടം വന്നാൽ പുതിയ കെട്ടിടവും ഉപയോഗിക്കുമെന്നും ജില്ലാ കളക്ടർ വിശദീകരിച്ചു.

ഇന്നു മുതൽ പുതിയ മന്ദിരത്തിൽ കൊറോണ ചികിത്സാ യൂണിറ്റ് ആരംഭിക്കുമെന്നുള്ള ചില കേന്ദ്രങ്ങളുടെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക് പറഞ്ഞു.സംസ്ഥാന സർക്കാരിന്റേയും ജില്ലാ കളക്ടറുടെയും നിർദ്ദേശ പ്രകാരം മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടികളും പുതിയ കെട്ടിടത്തിലേയ്ക്കുള്ള മാറ്റവുമുണ്ടാകൂവെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

നിലവിൽ പനി ബാധിതരെ ചികിത്സിക്കാൻ പുതിയ ഡയഗ്‌ണോസ്റ്റിക് മന്ദിരത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുന്നുണ്ടെന്ന് ജനറൽ ആശുപത്രി ആർ. എം. ഒ. ഡോ. അനീഷ്.കെ. ഭദ്രൻ പറഞ്ഞു. കൊറോണാ സംശയിക്കുന്നവരെ നിലവിൽ പേ വാർഡിനോടു ചേർന്നുള്ള ഐസലേഷൻ യൂണിറ്റിലാണിപ്പോൾ പരിശോധിക്കുന്നത്. നിലവിൽ ആരും നിരീക്ഷണത്തിലില്ല.


ഇതേ സമയം ജനറൽ ആശുപത്രിയിൽ നൂറുകണക്കിന് രോഗികൾ ഒരേ സമയം കൂട്ടമായി എത്തുന്ന ഔട്ട് പേഷ്യന്റ് വിഭാഗം പുതിയതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനായുള്ള ആശുപത്രി അധികൃതരുടെ അപേക്ഷ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഐസൊലേഷൻ വാർഡ് ക്രമീകരിക്കുന്നതിനായും വിവിധ വകുപ്പുമേധാവികളുടെ യോഗം നഗരസഭ ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്.

രാവിലെ 11 ന് നഗരസഭാ ചെയർപേഴ്‌സൺ ന്റെ ചേമ്പറിലാണ് യോഗം. നിലവിൽ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങളുടെ പരിമിതികൾ ചൂണ്ടിക്കാട്ടി പുതിയ കെട്ടിടത്തിലേക്ക് ഇവ മാറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാട്ടി പുതിയ കെട്ടിടത്തിൽ ഭാഗിക പ്രവർത്തനാനുമതി ആവശ്യപ്പെട്ട് ആരോഗ്യ വിഭാഗവും വിവിധ സംഘടനകളും നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. പുതിയ കെട്ടിടം ഉപയോഗിക്കപ്പെടണമെങ്കിൽ വിവിധ വകുപ്പുകളുടെ നിരാക്ഷേപ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനാൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുമേധാവികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.