കോട്ടയം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി സർവകലാശാലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വൈസ്ചാൻസലർ അറിയിച്ചു. കാഷ് കൗണ്ടറിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. പരീക്ഷ, അക്കാദമിക, ഫിനാൻസ് വിഭാഗങ്ങളിൽ കർശന സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശകരെത്തുന്ന വാഹനങ്ങൾ കാമ്പസിനുള്ളിൽ പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ട്. ഫീസുകൾ സർവകലാശാല ഇ-പേയ്‌മെന്റ് പോർട്ടൽ വഴി അടച്ചശേഷം ലഭിക്കുന്ന ഇ-ചെല്ലാൻ സഹിതം അപേക്ഷകൾ തപാൽ മുഖേന അയക്കണം. സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല.
ജീവനക്കാർ നിർബന്ധമായും കൈകഴുകി അണുവിമുക്തമാക്കിയിട്ടേ ഓഫീസുകളിൽ പ്രവേശിക്കാവൂ. എൻക്വയറി, ഭരണവിഭാഗം, പരീക്ഷ ഭവൻ എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക കിയോസ്‌കുകൾ തുറന്നിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്ക് ഇമെയിൽ മുഖേനയും സർവകലാശാലയുടെ അന്വേഷണവിഭാഗം, പരീക്ഷ ഹെൽപ്പ് ഡെസ്‌ക് ഫോൺനമ്പരുകൾ മുഖേനയും ബന്ധപ്പെടണമെന്നും പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.