കോട്ടയം: കൊറോണയുടെ തീവ്രത കോട്ടയത്ത് കുറഞ്ഞത് ആശ്വാസമേകുന്നു. ദുബായിൽ നിന്ന് എത്തിയ 60-കാരനെ ഇന്നലെ കോട്ടയം ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ പരിശോധിച്ച 176 സാമ്പിളുകളിൽ 155 എണ്ണം നെഗറ്റീവാണ്. രണ്ടെണ്ണം പോസിറ്റീവ് . 16 സാമ്പിളുകളുടെ ഫലം കിട്ടാനുണ്ട്. ഇന്നലെ ഫലം വന്ന 26 സാമ്പിളുകളിൽ എല്ലാം നെഗറ്റീവ് ആണ്. ഇതിൽ ഏഴു പേർ വിദേശികളാണ്.
ബസ് സ്റ്റാൻഡുകളിൽ യാത്രക്കാരെ പരിശോധിച്ചതിൽ ഇന്നലെ ആരിലും രോഗലക്ഷണം കണ്ടെത്താനായില്ല. 1,204 പേരെ ജില്ലയുടെ വിവിധ ബസ് സ്റ്റാൻഡുകളിൽ പരിശോധനയ്ക്ക് വിധേയമാക്കി.
അതേസമയം, രാമപുരത്ത് വിദേശത്ത് നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ്, ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയത് പരിഭ്രാന്തി പരത്തി. വിമാനത്താവളത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞുവരികയായിരുന്നു.
പത്തനംതിട്ടയിൽ പുതിയതായി രണ്ടുപേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 7 പേരും കോഴഞ്ചേരി ആശുപത്രിയിൽ 4 പേരും പുഷ്പഗിരി മെഡിക്കൽ കോളേജിൽ 3 പേരും കഴിയുന്നുണ്ട്. ഇന്നലെ പരിശോധിച്ച സാമ്പിളുകളിൽ 9 പോസിറ്റീവ് ആണ്. 122 നെഗറ്റീവും.
ഇടുക്കി ജില്ലയിൽ 600 പേരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ സ്ഥിരീകരിച്ച യു.കെ പൗരന്മാർ താമസിച്ച മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ പ്ലബിംഗ് ജോലിക്കെത്തിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർ മൂന്നു പേർ മാത്രമേ ഐസൊലേഷൻ വാർഡിലുള്ളത്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.