ചങ്ങനാശേരി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ചങ്ങനാശേരി നഗരസഭാ ഓഫീസിൽ അടിയന്തിര പ്രാധാന്യമുള്ള സേവനങ്ങൾക്ക് മാത്രമേ ജനങ്ങൾ എത്താവൂ എന്ന് ആക്ടിംഗ് ചെയർപേഴ്‌സൺ അംബിക വിജയൻ അറിയിച്ചു. മറ്റ് സേവനങ്ങൾക്ക് ഓൺ ലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം. പുറത്തിറങ്ങുന്ന ആളുകൾ സോപ്പ്, ഹാന്റ് സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണമെന്നും, പനി, ചുമ, തൊണ്ടവേദന, ശ്വാസ തടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ അടിയന്തിരമായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും ചെയർപേഴ്‌സൺ പറഞ്ഞു. ജനന മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് നഗരസഭാ ഓഫീസിൽ ഹാജരാകാതെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ് സൈറ്റിൽ (www.lsgd.kerala.gov.in) നിന്നും ഡൗൺ ലോഡ് ചെയ്യാം. നഗരസഭാ ഓഫീസിൽ വരുന്നവർക്ക് കൈ കഴുകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നും വരുന്നവർ 14 ദിവസം നിർബന്ധമായും വീട്ടിൽ ക്വാറന്റൈനിൽ കഴിയണം. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആക്ടിംഗ് ചെയർപേഴ്‌സൺ അംബിക വിജയൻ അറിയിച്ചു. അന്വേഷണങ്ങൾക്ക്: 0481 2420044, 9447601730, 7907564345.