കോട്ടയം : എ.ടി.എമ്മുകളിൽ കൊറോണ സുരക്ഷാ ചട്ടം പാലിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളും സാനിറ്റൈസർ ഉപയോഗവും പൂർണമായും നടപ്പായില്ല. ചില എ.ടി.എമ്മുകളിൽ സാനിറ്റൈസറുകൾ സ്ഥാപിച്ചെങ്കിലും 2 മണിക്കൂർ ഇടവിട്ട ശുചീകരണം നടക്കുന്നില്ല. സാനിറ്റൈസറിന്റെ ക്ഷാമമാണ് തദ്ദേശസ്ഥാപനങ്ങൾ പറയുന്ന കാരണം. ചിലയിടത്ത് സോപ്പും ബക്കറ്റിൽ വെള്ളവും വച്ചിരിക്കുകയാണ്. വെള്ളം തീർന്നുകഴിഞ്ഞാൽ കൈകഴുകാനാവില്ല. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതിനാൽ രോഗം പടരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ശുചീകരണവും സാനിറ്റൈസറും എ.ടി.എമ്മുകളിൽ നിർബന്ധമാക്കിയത്.
കോട്ടയം
നഗരത്തിലെയും സമീപ പഞ്ചായത്തുകളിലുമുള്ള എ.ടി.എമ്മുകളിൽ രണ്ട് മണിക്കൂർ ഇടവിട്ട് ശുചീകരണം നടക്കുന്നില്ല. മിക്ക എ.ടി.എമ്മുകളിലും സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പികൾ. ചില ബാങ്കുകൾ എ.ടി.എം കൗണ്ടറുകൾ അടച്ചു. ബാങ്ക് ശാഖകൾക്ക് സമീപമുള്ള എ.ടി.എമ്മുകളിൽ ശുചീകരണം നടക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എന്നാൽ, അകലെയുള്ളവയിൽ ശുചീകരണമില്ല.
ചങ്ങനാശേരി
മുഖ്യധാരാ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പോലും കഴിഞ്ഞ ദിവസം വരെ സാനിറ്റൈസർ ഇല്ലായിരുന്നു. ഇടവിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളും ഇല്ല.
കറുകച്ചാൽ
കറുകച്ചാൽ, പത്തനാട്,മണിമല, കറിക്കാട്ടൂർ എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ ബാങ്ക് ശാഖകളോടു ചേർന്നു പ്രവർത്തിക്കുന്ന ഇടങ്ങളിൽ രാവിലെ ശുചീകരണം നടക്കുന്നുണ്ട്. ബാങ്ക് ശാഖയോടു ചേർന്നുള്ള എ.ടി.എമ്മുകളിൽ സാനിറ്റൈസർ വച്ചിട്ടുണ്ട് . മണിമലയിൽ ഒരു എ.ടി.എമ്മിൽ സോപ്പും വെള്ളവുമാണ് വച്ചിട്ടുള്ളത്. എന്നാൽ 2 മണിക്കൂർ ഇടവിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമില്ല.