കോട്ടയം: തിരുനക്കര ആറാട്ട് ജാതി മതവ്യാത്യാസമില്ലാതെ ലോകമെമ്പാടുമുള്ള കോട്ടയംകാർ ഒന്നിച്ചുകൂടുന്ന ആഘോഷമായിരുന്നു. കൊറോണയുടെ കരിനിഴലിൽ തിരുനക്കര ക്ഷേത്ര ഗോപുരവാതിലും ഭക്തജനങ്ങൾക്കു മുൻപിൽ കൊട്ടി അടച്ചതോടെ ഈ വർഷത്തെ ആറാട്ടും കൊടിയിറക്കും ആരുമറിയാതെ പോയി. രാവിലെ തിരുനക്കര കൊടിക്കീഴിലെ പറയെടുപ്പ് പൂർത്തിയാക്കി, ഒമ്പതു മണിയോടെ പുറത്തിറങ്ങി പടിഞ്ഞാറേ നട പുത്തനങ്ങാടി തിരുവാതുക്കൽ റോഡു വഴി അഞ്ചു കിലോമീറ്റർ ദൂരത്തിൽ പറയെടുത്ത് കാരാപ്പുഴ അമ്പലക്കടവിലെ ആറാട്ടുകടവിൽ നീരാടി അവിടെ ദീപാരാധനക്കു ശേഷം തിരിച്ച് തെക്കുംഗോപുരം വയസ്ക്കര വഴി തിരിച്ച് വലിയ ആഘോഷത്തോടെ പുലർച്ചെയായിരുന്നു ആറാട്ട് തിരുനക്കര ക്ഷേത്ര മതിൽക്കെട്ടിൽ എത്തിയിരുന്നത്. തിരുനക്കരയിലെ കൺവെൻഷൻ പന്തലിൽ ഒന്നാംകിട കലാകാരന്മാർ പങ്കെടുക്കുന്ന സംഗീതകച്ചേരിയാണ് ആറാട്ടിന് പ്രധാന പരിപാടി. തിരുനക്കര മൈതാനിയിൽ യന്ത്രതൊട്ടിലും മരണക്കിണറുമൊക്കെയായി ആളെ ഇളക്കുന്ന പരിപാടികളും അരങ്ങേറും. ചേനയും കാച്ചിലും ചേമ്പു മടക്കം നടീൽ വസ്തുക്കൾ ആറാട്ടിനാണ് വിൽപ്പനക്കെത്താറുള്ളത്. പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ കട്ടിലും കസേരയും മേശയുമൊക്കെയായി ഫർണീച്ചറുകളുടെ നീണ്ട ശേഖരവും വിൽപ്പനക്കെത്തും. അങ്ങനെ ആറാട്ടിന് എന്തും ലഭിക്കുന്ന തുറന്ന വിപണിയായി തിരുനക്കരയും പരിസരവും മാറുമായിരുന്നു. കുടുംബസമേതം തിരുനക്കരക്ക് ചുറ്റും കറങ്ങുക കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ളവരുടെ പ്രധാന വിനോദ പരിപാടിയായിരുന്നു. ഇക്കുറി കൊറോണയിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന കർശന നിർദ്ദേശം വന്നതോടെ അതെല്ലാം ഓർമ മാത്രമായി.

 മൂല വിഗ്രഹം കാറിൽ കൊണ്ടു പോയി ആറാടിച്ചു

ഇന്നലെ രാവിലെ 6ന് തന്ത്രി കണ്ഠരര് മോഹനര്, മേൽശാന്തി ഹോരക്കാട് കേശവൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.രാധാകൃഷ്ണപിള്ള, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ബി.ഗോപകുമാർ , സെക്രട്ടറി ടി.സി വിജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.ആർ. രാജൻ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു കാറിൽ മൂല വിഗ്രഹം കാരാപ്പുഴ അമ്പലക്കടവ് ക്ഷേത്രത്തിലെ ആറാട്ടു കുളത്തിൽ ആറാടിച്ച് ആചാരത്തിന്റെ ഭാഗമായി വയസ്ക്കര മൂസതിന്റെ വീട്ടിലെ പറയെടുത്ത് തിരുനക്കരക്ഷേത്രത്തിൽ തിരിച്ചെത്തി ഏഴേ മുക്കാലോടെ കൊടിയിറക്കി. ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദ്ദേശമുള്ളതിനാൽ എല്ലാ ചടങ്ങിലും ഭക്തജനസാന്നിദ്ധ്യം ഒഴിവാക്കിയിരുന്നു.

ആനയെ ഉപയോഗിക്കാൻ പറ്റില്ലെന്ന് നേരത്തേ നിർദ്ദേശമുണ്ടായിരുന്നു. ജീവിത ഉപയോഗിച്ച് മൂല വിഗ്രവുമായി മേൽശാന്തിയും മറ്റും അമ്പലക്കടവിലേക്ക് നടന്നു പോയാലും പിറകേ ഭക്തജനങ്ങൾ ഒപ്പം കൂടുമെന്നതിനാൽ കാറിൽ ഏതാനും പേർ പോകാൻ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്യുന്നതിൽ ആചാരപരമായി തെറ്റില്ലെന്ന് സമ്മതിച്ച് തന്ത്രി അനുമതി നൽകിയതായി ഉപദേശകസമിതി പ്രസിഡന്റ് ബി. ഗോപകുമാർ പറഞ്ഞു.