ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി ദേശീയ ജലപാതയിൽ കെ.സി. പാലം പൊളിച്ചു പണിയാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സംസ്ഥാന സർക്കാരിന് അനുമതി നൽകിയതായി കേന്ദ്ര ഷിപ്പിംഗ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി മൻസുഖ് മണ്ടാവ്യ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു.
കിടങ്ങറ പുളിങ്കുന്ന് കണ്ണാടി റോഡിനു കുറുകെയാണ് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച വീതി കുറഞ്ഞ പാലമാണ് ഇന്ന് കുട്ടനാട് ചങ്ങനാശേരി താലൂക്കുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജലമാർഗമുള്ള ഗതാഗതത്തിനു തടസമായി നിൽക്കുന്നത്. പാലത്തിന്റെ വീതിയില്ലായ്മയും പഴക്കവും കാരണം വലിയ വള്ളങ്ങൾക്കും ബോട്ടുകൾക്കും ഇതുവഴി പോകാൻ കഴിയാത്ത അവസ്ഥയാണ്. ആലപ്പുഴ ചങ്ങനാശേരി ജലപാത കേന്ദ്ര ഇൻലാൻഡ് ജലപാത അതോറിട്ടിയുടെ കീഴിലാണ്. ഈ പാതയിൽ വരുന്ന കെ.സി. പാലവും ഇപ്പോൾ ഈ ജലപാതയുടെ ഭാഗമാണ്.
കെ.സി. പാലം ദേശീയ ജലപാതയ്ക്ക് കുറുകെ പൊളിച്ചു പണിയുന്നതിനായി 36.70 കോടി രൂപയുടെ എസ്റ്റിമേറ്റ് കേരള പി.ഡബ്യു.ഡി ബ്രിഡ്ജസ് ചീഫ് എൻജിനീയർ തയ്യാറാക്കി ഇൻലാൻഡ് വാട്ടർവെയ്‌സ് അതോറിട്ടി ഒഫ് ഇന്ത്യക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഇൻലാൻഡ് വാട്ടർവെയ്‌സ് അതോറിറ്റി ഒഫ് ഇന്ത്യക്ക് പാലം നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ പ്രത്യേക ഫോറത്തിൽ അപേക്ഷിച്ചാൽ പാലം നിർമ്മാണത്തിൽ നാവിഗേഷൻ ക്ലിയറൻസിന്റെ എൻ.ഒ.സി നൽകാമെന്നും സംസ്ഥാന ഗവൺമെന്റിനെ അറിയിച്ചിട്ടുണ്ട്..
വിശദമായി തയ്യാറാക്കിയ പദ്ധതി (എൻ.ഡബ്യു 8 ) സർക്കാരിനെ അറിയിക്കുകയും സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷം വിശദമായി തയ്യാറാക്കിയ റിപ്പോർട്ട് അംഗീകരിക്കും. കേരള സർക്കാരിന്റെ അഭിപ്രായം ലഭിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കാത്തിരിക്കുകയാണെന്നും മന്ത്രി കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു.