കോട്ടയം : കൊറോണപ്പേടിയിൽ സംസ്ഥാനം വലയുമ്പോൾ, ആദ്യം കൊറോണ റിപ്പോർട്ട് ചെയ്‌ത ജില്ലയിൽ സ്ഥിതി ശാന്തമാണ്. ചെങ്ങളത്തെ രണ്ടുപേർക്കല്ലാതെ പുതിയ കേസാന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്യില്ല. രാജ്യവും സംസ്ഥാനവും കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴും, ആദ്യം റിപ്പോർട്ട് ചെയ്‌ത ജില്ലയിൽ കാര്യങ്ങൾ കൈപ്പിടിയിൽ ഒതുങ്ങിയതിന് ജില്ലാ കളക്‌ടറോടും രാപ്പകൽ റോഡിലിറങ്ങിയ ആരോഗ്യപ്രവർത്തകർക്കുമാണ് നന്ദി പറയേണ്ടത്.
ഫെബ്രുവരി അവസാനത്തോടെയാണ് കൊറോണ ബാധിതർ കോട്ടയത്ത് എത്തിയത്. മാർച്ച് ആദ്യവാരം ജില്ലയിലെ ആദ്യ കൊറോണക്കേസ് സ്ഥിരീകരിച്ചു. തുടർന്ന്, മിന്നൽ വേഗത്തിലായിരുന്നു ജില്ലയിലെ ആരോഗ്യ വിഭാഗത്തിന്റെ നീക്കങ്ങൾ. ജില്ലാ കളക്‌ടർ പി.കെ സുധീർ ബാബുവും, ജില്ലാ മെഡിക്കൽ ഓഫീസർ ജോർജ് വർഗീസും ചേർന്ന് അടിയന്തിരസാഹചര്യത്തെ നേരിടാൻ കൃത്യമായ പദ്ധതി തയ്യാറാക്കി. തുടർന്ന് രണ്ടു രോഗികളെയും കണ്ട് ഇവരുടെ റൂട്ട് മാപ്പും തയ്യാറാക്കി. തുടർന്ന് ഇവരുമായി അടുത്ത് ഇടപെഴകിയ ആളുകളെ അടക്കം ബന്ധപ്പെട്ട് കൃത്യമായ നിലപാടുകളിലൂടെ മുന്നോട്ടു പോയി. അതീവ ജാഗ്രതയുമായി ജില്ലാ ഭരണകൂടത്തിനൊപ്പം യുവജന സംഘടനകളും സർവീസ് സംഘടനകളും രംഗത്ത് ഇറങ്ങി. ഇതിനെല്ലാം പുറമേ, ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പരമാവധി പാലിച്ച് സാധാരണക്കാരായ നാട്ടുകാരും ഒപ്പം നിന്നു. ഇതോടെയാണ് കൊറോണയെന്ന മാരകരോഗത്തെ കോട്ടയം നിയന്ത്രിച്ച് നിറുത്തിയത്. മൂന്നാമത്തെ ആഴ്‌ചയിലേയ്‌ക്കു രോഗത്തിന്റെ വ്യാപനം കടക്കുമ്പോഴും, മൂന്നാമത് ഒരു കേസുപോലും ജില്ലയിൽ റിപ്പോർട്ട് ചെയ്യാതിരുന്നത് ഈ അതീവ ജാഗ്രത കൊണ്ടാണ്.
വ്യാജപ്രചാരണവും മതിൽചാട്ടവും സജീവം
ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും സജീവമായി രംഗത്തിറങ്ങുമ്പോഴും സമൂഹ്യമാദ്ധ്യമങ്ങളിലെ വ്യാജപ്രചാരണത്തിന് കുറവൊന്നുമില്ല. മെഡിക്കൽ കോളേജിൽ നിന്ന് കൊറോണ ബാധിതനായ ആൾ ചാടിപ്പോയി എന്നതു മുതൽ, പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾക്കു കൊറോണ സ്ഥിരീകരിച്ചത് വരെയുള്ള വ്യാജന്മാർ ഇപ്പോഴും വാട്‌സ് ആപ്പുകളിൽ സജീവമാണ്. ഇതിനിടെ ജില്ലയിൽ നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയ മൂന്നു പേർക്കെതിരെ കേസെടുത്തു.