പാലാ: അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് പേടിച്ച് ജനം കടകൾക്കു മുമ്പിൽ തിക്കിക്കിരക്കി. പലചരക്ക്, പച്ചക്കറിസാധനങ്ങൾ വാങ്ങുന്നതിനാണ് ആളുകൾ തിക്കിത്തിരക്കിയത്. ഇതേസമയം ആവശ്യത്തിന് സാധനങ്ങൾ സ്റ്റോക്കുണ്ടെന്നും തമിഴ്‌നാട്ടിൽ നിന്നു ലോഡ് വരുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.
ടൗണിലെ ബഹുഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നെങ്കിലും അവശ്യസാധനങ്ങൾ ലഭിക്കുന്ന മുഴുവൻ കടകളും തുറന്നുപ്രവർത്തിച്ചു.
ആളുകൾ ഇരച്ചെത്തിയതോടെ കൊട്ടാരമറ്റത്ത് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ നിയന്ത്രണമേർപ്പെടുത്തി. കൂടുതൽ ആളുകൾ ഒരുമിച്ച് കയറുന്നത് തടയാൻ ഷട്ടർ മുക്കാൽഭാഗത്തോളം താഴ്‌ത്തേണ്ടി വന്നു. ഇന്നലെ രാവിലെ ഷോപ്പ് തുറന്നതു മുതൽ ആളുകൾ ഇരച്ചെത്തുകയായിരുന്നു. അഞ്ചിൽകൂടുതൽ പേർ ഒത്തുകൂടരുതെന്ന നിർദേശം ആളുകൾ വകവെച്ചില്ല. തുടർന്ന് സെക്യൂരിറ്റിക്കാരൻ ഷട്ടർ പാതി താഴ്ത്തുകയായിരുന്നു. കുറച്ചുപേരെ വീതമാണ് പിന്നീട് അകത്തേയ്ക്ക് കടത്തിവിട്ടത്.
നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇവിടെ നീണ്ട ക്യൂ രൂപപ്പെട്ടു. സമീപത്തെ മറ്റുവ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലൂടെയും ക്യൂ നീണ്ടു.
പാലാ ടൗണിലും ഈരാറ്റുപേട്ട ടൗണിലും തുണിക്കടകൾ ഉൾപ്പെടെയുളള മറ്റു കടകൾ അടച്ചിട്ട് വ്യാപാരസമൂഹവും മാതൃകയായി. പൊതുജനാരോഗ്യം മുൻനിറുത്തി കടകൾ അടച്ചിടുന്നതായി വ്യാപാരസ്ഥാപനത്തിന്റെ ഷട്ടറുകളിൽ നോട്ടീസ് പതിച്ചിരിക്കുകയാണ്.