പാലാ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജനറൽ ആശുപത്രി ഒ.പി. വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുന്നതിനും തീരുമാനമായി. ആശുപത്രിയോടുബന്ധിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കെട്ടിട സമുച്ചയം തുറന്നു കൊടുക്കുവാനാണ് തീരുമാനം. നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക് വിളിച്ച് ചേർത്ത ബന്ധപ്പെട്ട വകുപ്പു മേധാവികളുടെയും കൗൺസിലർമാരുടെയും യോഗത്തിലാണ് തീരുമാനം. യോഗ തീരുമാനങ്ങൾ ജില്ല കളക്ടറുടെ അംഗീകാരത്തിന് അയച്ചു.
ഈ ആവശ്യം ഉന്നയിച്ച് ആശുപത്രി അധികൃതർ നഗരസഭയെ സമീപിച്ചിരുന്നു. യോഗ തീരുമാനങ്ങൾ ജില്ല കളക്ടറുടെ അംഗീകാരത്തിന് അയച്ചു.

വൈദ്യുതി ബന്ധം ലഭിക്കുന്നതിന് പി.ഡബ്ല്യു.ഡി വൈദ്യുതി വിഭാഗത്തെയും വൈദ്യുതി ബോർഡിനെയും ചുമതലപ്പെടുത്തി.
ഇതു സംബന്ധിച്ച് ചെയർപേഴ്‌സൺ മേരി ഡോമിനിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, സ്റ്റാൻഡിംഗ് കമ്മറ്റിയദ്ധ്യക്ഷന്മാർ, വാർഡ് കൗൺസിലർ ബിജി ജോജോ, കൗൺസിലർമാർ നഗരസഭ സെക്രട്ടറി മുഹമ്മദ് ഹുവൈസ്, ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ചു സി.മാത്യു, പി.ഡബ്ല്യു.ഡി, വൈദ്യുതി ബോർഡ് വകുപ്പ് മേധാവികളും പങ്കെടുത്തു.

 ശുചീകരണപ്രവർത്തനം ആരംഭിച്ചു

നാല് വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന മന്ദിരം നിറയെ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്.കെട്ടിടവും പരിസരവും ശുചീകരിച്ച് തുടർ ക്രമീകരണ ങ്ങൾക്കായി ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തും.ശുചീകരണ പ്രവർത്തനങ്ങൾ ഇന്നലെ തന്നെ ആരംഭിച്ചു.നഗരസഭ ശുചീകരണ വിഭാഗം, തൊഴിലുറപ്പ് പദ്ധതിയംഗങ്ങൾ എന്നിവരാണ് ശുചീകരണം നടത്തുന്നത്.

 പാലാ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കാൻ മാണി സി. കാപ്പൻ എം.എൽ.എ ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, നഗരസഭാധികൃതർ എന്നിവർക്കു നിർദ്ദേശം നൽകി. പഴയ കെട്ടിടത്തിൽ സൗകര്യങ്ങൾ കുറവാണെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം ഉപയോഗിക്കാൻ അടിയന്തിര നിർദ്ദേശം നൽകിയതെന്ന് എം.എൽ.എ പറഞ്ഞു.