കോട്ടയം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ജി സർവകലാശാലയിൽ 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരാകുന്നതിന് ക്രമീകരണങ്ങളായി. സർവകലാശാലയിലെ ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാരെ ഓഫീസ് ജോലികൾക്ക് തടസം വരാത്ത രീതിയിൽ നിയോഗിക്കുന്നതിന് ഡെപ്യൂട്ടി രജിസ്ട്രാർമാർക്കും വിവിധ വകുപ്പുകളുടെ മേധാവികൾക്കും ചുമതല നൽകി. ഓരോ ദിവസവും വരേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കുന്ന ചുമതലയും ഇവർക്കാണ്. ഓഫീസിൽ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർ ടെലിഫോൺ വഴിയോ മറ്റ് ഇലക്‌ട്രോണിക് മാദ്ധ്യമങ്ങൾ വഴിയോ ഓഫീസ് മേധാവിയുമായി ബന്ധപ്പെടാൻ കഴിയുന്നുവെന്ന് ഉറപ്പുവരുത്തണം. അത്യാവശ്യ ഘട്ടങ്ങളിൽ മേലധികാരി ആവശ്യപ്പെട്ടാൽ ഓഫീസിൽ ഹാജരാകണം. ഓൺലൈൻ ഫയൽ സംവിധാനമായ ഡി.ഡി.എഫ്.എസ് ഉപയോഗിച്ച് ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. സർവകലാശാല ലൈബ്രറിയുടെ പ്രവർത്തനം രാവിലെ 10.15 മുതൽ വൈകിട്ട് 4.45 വരെയായി പുനഃക്രമീകരിച്ചു. സർവകലാശാല ലൈബ്രറിയിൽ കാമ്പസിന് പുറത്തുനിന്നുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്ക് 31 വരെ ലൈബ്രറി സൗകര്യങ്ങൾ അനുവദിക്കില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും നേരിട്ട് സ്വീകരിക്കില്ല.