community-hall

അടിമാലി: ആദിവാസി സങ്കേതമായ കുറത്തിക്കുടിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം പൂർത്തിയായെങ്കിലും ഇനിയും പ്രവർത്തന സജ്ജമായില്ല.2003ൽ നിർമ്മാണ പൂർത്തീകരിച്ചെങ്കിലും കെട്ടിടമിപ്പോഴും അടഞ്ഞ് കാടുകയറി കിടക്കുകയാണ്.കമ്മ്യൂണിറ്റി ഹാളായി തുറന്നു നൽകുകയോ കുറത്തിയിൽ വേണ്ട അടിസ്ഥാന ചികത്സാ സൗകര്യങ്ങൾക്കായി കമ്മ്യൂണിറ്റി ഹാൾ ഹെൽത്ത് സെന്ററാക്കി മാറ്റുകയോ വേണമെന്നാണ് മുതുവാൻ കുടുംബങ്ങളുടെ ആവശ്യം.മുൻ എം പി അഡ്വ.ഫ്രാൻസീസ് ജോർജ്ജിന്റെ കാലത്തായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഇപ്പോഴത്തെ ഒന്നാംവാർഡായ കുറത്തിക്കുടിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്.കോളനിയിലെ കുടുംബങ്ങൾക്ക് യോഗങ്ങൾ ചേരുന്നതിനും മറ്റ് വിനോദകാര്യങ്ങൾക്കും വിനിയോഗിക്കുകയായിരുന്നു കെട്ടിടം നിർമ്മിച്ചതിന്റെ ലക്ഷ്യം.തുറന്നു പ്രവർത്തിക്കാതായതോടെ ഈ കെട്ടിടം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്.വാതിലുകളുടെയും ജനാലകളുടെയും പൂട്ട് തകർന്നിരിക്കുന്നു.കാടുകയറി മൂടിയ കെട്ടിടത്തിന്റെ മേൽക്കൂര മഴയത്ത് ചോർന്നൊലിക്കും.തടിയുരുപ്പടികളിൽ ചിലത് ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്.കമ്മ്യൂണിറ്റി ഹാൾ ഉണ്ടെങ്കിലും തുറന്നു ലഭിക്കാത്തതിനാൽ ആദിവാസി കുടുംബങ്ങൾ യോഗങ്ങളും മറ്റും ചേരുന്നത് സാദ്ധ്യമാവുന്നില്ല.കെട്ടിടത്തിൽ വൈദ്യുതി എത്തിക്കേണ്ടതിന്റെ ആവശ്യകതയും ആദിവാസി കുടുംബങ്ങൾ ചൂണ്ടിക്കാണിക്കുന്നു.അടിസ്ഥാന ചികത്സാ സൗകര്യങ്ങൾ ഏതുമില്ലാത്ത കുറത്തിയിൽ കാടുകയറി കിടക്കുന്ന കമ്മ്യൂണിറ്റി ഹാൾ പ്രൈമറി ഹെൽത്ത് സെന്ററാക്കി മാറ്റിയാൽ അതും ആദിവാസി കുടുംബങ്ങൾക്ക് പ്രയോജനപ്രദമാകും. പക്ഷെ അധികൃതർ ഇതൊന്നും അറിഞ്ഞ മട്ടില്ല.