അടിമാലി: കൊറോണയെ പ്രതിരോധിക്കാൻ മാസ്ക്കുകൾ നിർമ്മിക്കുന്ന തിരക്കിലാണ് അടിമാലി കാർമ്മൽഗിരി പ്രൊവിൻഷ്യൽ ഹൗസിലെ സന്യാസിനി സമൂഹം.അടിമാലി മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും പൊതുജനത്തിനും മാസ്‌ക്കുകൾ തയ്യാറാക്കി നൽകുകയാണ് ആയിരമേക്കർ സമന്വയ ചാരിറ്റബിൾ സൊസൈറ്റി,നെടുങ്കണ്ടം സിയോൺ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുമായി കൈകോർത്താണ് അടിമാലി കാർമ്മൽഗിരി പ്രൊവിൻഷ്യൽ ഹൗസിലെ സന്യാസിനി സമൂഹം മാസ്‌ക്ക് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.എസ്എച്ച്ജിയിൽ അംഗങ്ങൾ ആയിട്ടുള്ളവർ അവരവരുടെ വീടുകളിൽ തന്നെ ഇരുന്ന് മാസ്‌ക്ക് നിർമ്മാണത്തിൽ പങ്ക് ചേരും.പിന്നീടവ വീടുകളിൽ നിന്നും ശേഖരിച്ച് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യും.കൊവിഡ് പ്രതിരോധത്തിൽ തങ്ങളെക്കൊണ്ടാവും വിധം പങ്ക് ചേരുകയാണ് ലക്ഷ്യമെന്ന് കാർമ്മൽ ഗിരി പ്രൊവിൻഷ്യൽ ഹൗസ് മദർ സുപ്പീരിയർ സിസ്റ്റർ ആനീസ് പോൾ പറഞ്ഞു.ഇതിനോടകം 1500ഓളം മാസ്‌ക്കുകൾ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് കഴിഞ്ഞു.നിർമ്മിച്ചെടുത്ത മാസ്‌ക്കുകൾ അടിമാലി,നെടുങ്കണ്ടം തുടങ്ങിയ ഇടങ്ങളിൽ വിതരണം ചെയ്തു.അടിമാലി താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും അടിമാലിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കും സന്യാസിനി സമൂഹം മാസ്‌ക്കുകൾ നേരിട്ടെത്തിച്ച് നൽകി.ഇടുക്കിക്ക് പുറമെ ആലുവ എറണാകുളം ജില്ലകളിലും ഇവർ മാസ്‌ക്കുകൾ വിതരണം ചെയ്തു കഴിഞ്ഞു.കാർമ്മൽ ഗിരി പ്രൊവിൻഷ്യൽ ഹൗസ് മദർ സുപ്പീരിയർ സിസ്റ്റർ ആനീസ് പോൾ,സോഷ്യൽ വർക്ക് കൗൺസിലർ സിസ്റ്റർ ചൈതന്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാസ്‌ക്ക് നിർമ്മാണവും വിതരണവും നടന്നു വരുന്നത്.