corona-

കോട്ടയം: കൊറോണ ഭീതി കോട്ടയം ജില്ലയിൽ നിന്ന് ഒഴിയുന്നു. ഇറ്റലിയിൽ നിന്ന് രോഗബാധിതനായി റാന്നിയിലെത്തിയ മദ്ധ്യവയസ്കന്റെ മകൾക്കും മരുമകനും രോഗം സ്ഥിരീകരിച്ചതല്ലാതെ മറ്റൊരാൾക്കും ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ല. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ സുഖം പ്രാപിച്ചുവരികയാണ്. ഇവരുടെ മകൾക്ക് രോഗമില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഫെബ്രുവരി അവസാന വാരമാണ് കൊറോണ ബാധിച്ച റാന്നി സ്വദേശി കേരളത്തിൽ എത്തിയത്. മാർച്ച് ആദ്യ ആഴ്ചയിൽ തന്നെ രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം,​ ഇന്നലെ ബംഗളൂരുവിൽ നിന്നെത്തിയ യുവാവിനെ നിരീക്ഷണത്തിനായി കോട്ടയം ജനറൽ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഏഴ് പേരാണ്. അഞ്ചു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളിൽ രണ്ടെണ്ണം പോസിറ്റീവും 155 എണ്ണം നെഗറ്റീവുമാണ്. 34 എണ്ണത്തിന്റെ ഫലം വരാനുണ്ട്. 1538 പേരെ വിവിധ ബസ് സ്റ്റാന്റുകളിലും മറ്റും ആരോഗ്യവകുപ്പ് പരിശോധിച്ചു. ഇതിൽ ഒരാൾക്ക് രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് വീട്ടിലെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

ഇടുക്കി ജില്ലയിൽ ഇന്നലെ പരിശോധിച്ച 52 സാമ്പിളുകളും നെഗറ്റീവാണ്. പുതിയതായി 43 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും നിരീക്ഷണത്തിലാണ്. ആകെ 643 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.