കോട്ടയം: ജില്ലയിൽ പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കർശന മുൻകരുതലുകളാണ് ജില്ലയിലുടനീളം സ്വീകരിച്ചിട്ടുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്നുണ്ട്. ഇവർ നിയന്ത്രണം മറികടന്ന് പുറത്തേക്കിറങ്ങിയാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
അതേസമയം, ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന വ്യാജ പ്രചാരണം വ്യാപാരസ്ഥാപനങ്ങളിൽ വൻ തിരക്കിന് ഇടയാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കടകൾ തുറക്കുന്നതിന് മുമ്പുതന്നെ ആവശ്യക്കാരുടെ നീണ്ടനിര കാണാമായിരുന്നു. അരിയും പലചരക്ക് സാധനങ്ങളും വാങ്ങുന്നതിനാണ് ഭൂരിഭാഗം പേരും എത്തിയത്. കടകൾക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരേസമയം അഞ്ച് പേരിൽ കൂടുതൽ ആളുകളെ ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കില്ല എന്നെഴുതിയ ബോർഡ് മിക്ക കടകൾക്ക് മുന്നിലും പ്രദർശിപ്പിച്ചിരുന്നു. കോട്ടയത്തെ പ്രധാന പച്ചക്കറി മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസത്തെക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെട്ടതായി വ്യാപാരികൾ പറയുന്നു. അതിർത്തിവഴിയുള്ള ജില്ലയിലെ പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് തിരക്ക് കൂടാൻ കാരണം. എന്നാൽ മത്സ്യ മാർക്കറ്റിൽ വലിയ തിരക്ക് കാണാനായില്ല.
ജില്ലയിൽ ചുരുക്കം ചില ആട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും നിരത്തുകളിൽ ആളുകൾ എത്താത്തത് കാരണം നഷ്ടം സഹിക്കുകയാണെന്നാണ് ആട്ടോ ഡ്രൈവർമാർ പറയുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങിയത് ജില്ലയിലെ നിർമ്മാണ മേഖലയെ ബാധിച്ചിട്ടുണ്ട്.
ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കൊറോണ വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വേനൽക്കാല അവധി ചെലവഴിക്കാൻ എത്താനിരുന്നവർ കൂട്ടത്തോടെ ബുക്കിംഗ് കാൻസൽ ചെയ്തു. ഇവിടെ താങ്ങിയിരുന്ന വിദേശ വിനോദസഞ്ചാരികൾ കർശന പരിശോധനയിലും നിരീക്ഷണത്തിലുമാണ്.