toddy-shop-

കോട്ടയം: കൊറോണ ആശങ്കയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ ഹോട്ടലുകൾ എല്ലാം അടച്ചു. കള്ളു ഷാപ്പുകളിൽ മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും ആഹാരം ലഭിക്കുന്നത്. എന്നാൽ, പതിവ് ഊണ് ഒഴിവാക്കി കപ്പയും കറിയും മാത്രമാണ് പല ഷാപ്പുകളും നൽകുന്നത്. വിശന്ന് എത്തുന്നവരാകട്ടെ ഇതെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസത്തിലുമാണ്. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തി ഇവിടെ ജോലി ചെയ്യുന്നവരാണ് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പലരും ബ്രെഡും പഴവും പ്രഭാതഭക്ഷണമാക്കുകയാണ്. ഇതോടെയാണ് കള്ളുഷാപ്പുകളിൽ ആഹാരം തേടി ആളുകൾ എത്തിത്തുടങ്ങിയത്. ഇപ്പോൾ കള്ളിനെക്കാളും കൂടുതൽ ആഹാരമാണ് വിറ്റ് പോകുന്നതെന്ന് ഷാപ്പ് ജീവനക്കാരും പറയുന്നു. നാളെ മുതൽ കൂടുതൽ ആളുകൾക്കുള്ള ആഹാരം കരുതുമെന്ന ഉറപ്പും അവർ നൽകുന്നു.

പൂട്ടിട്ട് ഹോട്ടലുകൾ

ഹോട്ടലുകളിൽ പാഴ്സലുകൾ ലഭ്യമാക്കുമെന്ന് പറഞ്ഞതെങ്കിലും കോട്ടയം നഗരത്തിലെ എല്ലാ ഹോട്ടലുകളും ഷട്ടറിട്ട നിലയിലാണ്. കുടുംബശ്രീയുടെ സുഭിക്ഷ ഭക്ഷണ വിതരണവും നിലച്ചു. ഈ മാസം 31ന് ശേഷം മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന ബോർഡും കുടുംബശ്രീ അധികൃതർ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കോഫി ഹൗസ് ഇന്നലെ പ്രവർത്തിച്ചെങ്കിലും ഇന്ന് അടച്ചു.