കോട്ടയം : കല്യാണ സീസണിൽ പത്തു കാശുണ്ടാക്കാമെന്ന് സ്വപ്നംകണ്ട കാറ്ററിംഗുകാരുടെ തലയിൽ ഇടിത്തീ ആയി കൊറോണ. ബുക്കിംഗ് കാൻസലായതോടെ മാർച്ച് മുതൽ മേയ് വരെ നീളുന്ന സീസണിൽ കോടികളുടെ നഷ്ടമാണ് കാറ്ററിംഗ് മേഖലയ്ക്കുണ്ടായത്. ജില്ലയിൽ മാത്രം 326 ലൈസൻസ്ഡ് കാറ്ററിംഗുകാരുണ്ട്. ലൈസൻസില്ലാത്തവർ ഇതിലേറെ വരും. ഒരു ദിവസം മൂന്നും നാലും പണി പിടിച്ചവർ വരെയുണ്ട്. ഇതിനകം രണ്ടു ഡസനോളം ബുക്കിംഗ് മിക്കവർക്കും നഷ്ടമായി. മീനമാസം മുതൽ ഹിന്ദു വിവാഹസീസണാണ്. ഈസ്റ്റർ കഴിഞ്ഞാൽ ഉടൻ ക്രൈസ്തവ വിവാഹ സീസണും. കൂടുതലും വിദേശമലയാളികളുടേത്. കൊറോണയുടെ പേരിൽ നാട്ടിൽ വരാനോ നാട്ടിൽ നിന്ന് തിരിച്ചു പോകാനോ കഴിയാത്തവരും നിരക്ഷണത്തിലുള്ളവരുമെല്ലാം വിവാഹാഘോഷപരിപാടികൾ മാറ്റിവയ്ക്കാൻ നിർബന്ധിതരായതാണ് കാറ്ററിംഗ് മേഖലയെ വലച്ചത്. ഡിസംബറിലെ ബുക്കിംഗാണ് ഇപ്പോഴത്തേത്. ഇത് കാൻസൽ ആകുന്നത് മാത്രമല്ല മേയ് വരെ പുതിയ ബുക്കിംഗും ഇല്ലാതാകുന്നതോടെ ഒരു സീസണാണ് കൊറോണ കൊണ്ടുപോകുന്നത്.
പ്രളയം കാരണം ഒരു വർഷം നഷ്ടമായി. കഴിഞ്ഞ വർഷം സവാളവില കിലോയ്ക്ക് 30 രൂപയിൽ നിന്ന് 140 വരെ ഉയർന്നത് വൻ നഷ്ടമായി. ഈ വർഷം ഈ നഷ്ടങ്ങളെല്ലാം നികത്താമെന്ന് കരുതിയിരിക്കുമ്പോഴാണ് കൊറോണയുടെ പേരിൽ വിവാഹം മാറ്റിവച്ച് ബുക്കിംഗുകൾ നഷ്ടമായത്.
ജീവനക്കാരും പട്ടിണിയിൽ
ഒരു കാറ്ററിംഗുകാരന് 10 മുതൽ 20 വരെ സ്ഥിരം ജീവനക്കാർ ഉണ്ടാവും. ബുക്കിംഗ് നഷ്ടമായലും ജീവനക്കാർക്ക് ശമ്പളം നൽകണം. അനുബന്ധ ജോലികൾക്കായി ഇത്രയും പേർ വേറെ കാണും. ബിരിയാണി വിളമ്പുന്നതിന് കോളേജ് വിദ്യാർത്ഥികളുടെ ടീം തന്നെയുണ്ട്. ഈ പണം കൊണ്ടാണ് പല കുട്ടികളും വിദ്യാഭ്യാസാവശ്യങ്ങൾ നടത്തുന്നത്. അവർക്കും വരുമാനമില്ലാതായി. വാഹനങ്ങൾ,ഡ്രൈവർ, അനുബന്ധതൊഴിൽ ചെയ്യുന്നവരടക്കം ജില്ലയിൽ മാത്രം മുപ്പതിനായിരത്തിന് മുകളിൽ തൊഴിലാളികൾ കാറ്ററിംഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
ബാങ്ക് വായ്പയെടുത്ത് കാറ്ററിംഗ് നടത്തുന്നവരെല്ലാം വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത ബാദ്ധ്യതയിലാണ്. പലരും വൻ കടത്തിലായി. കാർഷിക വായ്പയ്ക്കും മറ്റുമുള്ളതുപോലെ കാറ്ററിംഗുകാരുടെ വായ്പയ്ക്കും സർക്കാർ മോറട്ടോറിയം പ്രഖ്യാപിക്കണം.
ഏലിയാസ് സഖറിയ, ഓൾ കേരള കാറ്ററിംഗ്
അസോസിയേഷൻ രക്ഷാധികാരി