കോട്ടയം : ജില്ലയിൽ ലോക്ക് ഡൗൺ നടപ്പാക്കുമ്പോഴും ആളുകൾ കൂട്ടത്തോടെ ഇറങ്ങുകയാണ്. കടകളിലെ ക്യൂവിന് ഇന്നലെയും കുറവില്ല. എന്നാൽ ജില്ലയിൽ അവശ്യസാധനങ്ങളുടെ ക്ഷാമമോ, അവശ്യ സർവീസുകൾക്ക് തടസമോ ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ സംവിധാനങ്ങൾ.
റേഷൻ സാധനങ്ങൾ
ജില്ലയിലെ മുഴുവൻ റേഷൻ കടകളിലും ഒന്നര മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യം സ്റ്റോക്കുണ്ട്. മാർച്ചിലെ വിതരണം പൂർത്തിയാക്കി. മിക്കവാറും കടകളും ഏപ്രിലിലെ വിതരണത്തിലേക്ക് കടന്നു. ചില താലൂക്കുകളിൽ മേയിലെ വിതരണത്തിനുള്ള അരിയും സാധനങ്ങളും എത്തിച്ച് തുടങ്ങി, ഏതെങ്കിലും കടയിൽ സ്റ്റോക്ക് ഇല്ലാതെ വന്നാൽ അക്കാര്യം താലൂക്ക് സപ്ലൈ ഓഫീസറെ അറിയിച്ചാൽ മണിക്കൂറിനുള്ളിൽ അവിടെ സാധനങ്ങൾ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി.
പലചരക്ക് കടകൾ
അരിയും പലചരക്ക് സാധനങ്ങളും വിൽക്കുന്ന കടകൾക്ക് നിയന്ത്രണമില്ലാത്തതിനാൽ സാധനങ്ങൾ എത്തുന്നുണ്ട്. കർണാടക, ആന്ധ്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് അരി, സവാള, പരിപ്പ്, വൻപയർ, ചെറുപയർ, ഉള്ളി, കടല തുടങ്ങിയവ എത്തുന്നത് . ജില്ലയിലെ പല ചെറുകിട കച്ചവടക്കാരും ചങ്ങനാശേരി, കോട്ടയം മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ എത്തിച്ചാണ് വിക്കുന്നത്. മൊത്ത വ്യാപാര ശാലകളിൽ ആവശ്യത്തിനു കരുതൽ ശേഖരമുണ്ട്. അതിനാൽ പലചരക്ക് സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാലും ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങി കൂട്ടുന്ന പ്രവണത ജനങ്ങളുടെ ഇടയിൽ വർദ്ധിച്ചിട്ടുണ്ട്. തിരക്ക് അനുഭവപ്പെടുന്ന സൂപ്പർ മാർക്കറ്റുകളിൽ നിയന്ത്രിച്ച് മാത്രമേ ആളുകളെ കയറ്റാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്. സാധനങ്ങൾ എടുക്കുന്നത്, ബില്ല് അടിക്കുന്നത് എന്നിവിടങ്ങളിൽ നിശ്ചിത അകലം പാലിക്കണമെന്ന് കർശന നിർദേശവും ലഭിച്ചിട്ടുണ്ട്.
പച്ചക്കറി
ജനങ്ങൾ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ കഴിഞ്ഞ ആഴ്ച ജില്ലയിലെ പച്ചക്കറി കടകളിൽ വില്പന കുറഞ്ഞിരുന്നു. പലർക്കും നഷ്ടം ഉണ്ടായി. അതിനാൽ പച്ചക്കറി സാധനങ്ങൾ കടക്കാർ കൂടുതൽ സംഭരിക്കാതെ വന്നു. മേട്ടുപ്പാളയം, ഊട്ടി, കോയമ്പത്തൂർ, തേനി, കമ്പം, രാജപാളയം എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിൽ പച്ചക്കറി എത്തുന്നത്.
പെട്രോൾ പമ്പ്
ജില്ലയിലെ പെട്രോൾ പമ്പുകൾ എല്ലാം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. ഇന്ധനം ലഭിക്കുന്നതിന് തടസമില്ല
വെള്ളം, വൈദ്യുതി
രണ്ടും അവശ്യവസ്തുക്കളാണ്. ഇവ മുടങ്ങാതിരിക്കാനാണ് പ്രത്യേകം ശ്രദ്ധിക്കുന്നത്. ജില്ലയിൽ പലയിടത്തും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അതിനു പുറമേ ജലക്ഷാമം പരിഹരിക്കാൻ ടാങ്കർ ലോറികളിൽ പഞ്ചായത്തുകൾ ജലവിതരണം നടത്തുന്നുണ്ട്. ഇത് തുടരും.
ആശുപത്രി സേവനം
അത്യാവശ്യത്തിന് മാത്രം രോഗികൾ ആശുപത്രിയിൽ എത്തിയാൽ മതിയെന്നാണ് അധികൃതരുടെ നിർദേശം. പനിയുള്ളവർ നേരിട്ട് ഡോക്ടറുടെ അടുത്ത് പോകുന്നതിനും നിയന്ത്രണം ഉണ്ട്.