ചങ്ങനാശേരി: നഗരത്തിൽ ലോക്ക് ഡൗണിലും ആളുകൾ നിരത്തിലിറങ്ങി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി പൊലീസും രംഗത്തെത്തി. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും തുറന്നു. സൂപ്പർ മാർക്കറ്റുകളിലും സപ്ലൈകോയിലും നിരത്തുകളിലും അസാധാരണമായ തിരക്ക് അനുഭവപ്പെട്ടു. അവശ്യസാധനങ്ങൾ വാങ്ങാൻ എത്തിയവരിൽ ക്യൂ നിൽക്കുന്നവർ ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർദേശം മിക്കസ്ഥലങ്ങളിലും പാലിക്കപ്പെട്ടില്ല. വസ്ത്രവ്യാപാര ശാലകൾ, ജ്വല്ലറികൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങൾ മിക്കയിടങ്ങളിലും പ്രവർത്തിച്ചില്ല. നഗരത്തിലെ എല്ലാ പമ്പുകളും തുറന്നിരുന്നു. പമ്പുകളിൽ തിരക്കും അനുഭവപ്പെട്ടിരുന്നു. മാടപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, പായിപ്പാട്, വാകത്താനം, കറുകച്ചാൽ എന്നീ പഞ്ചായത്തുകളിലും ചങ്ങനാശേരി നഗരസഭ പരിധിയിലും തിരക്ക് അനുഭവപ്പെട്ടു.
റോഡരികുകളിൽ വാഹനത്തിരക്ക്
സ്വകാര്യ വാഹനങ്ങൾ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച് ഓടിയതോടെ പൊലീസ് പരിശോധനയും കർശനമാക്കി. അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക് എല്ലാ ജംഗ്ഷനിലും അനുഭവപ്പെട്ടു. നിയന്ത്രണം ലംഘിച്ച് വാഹനങ്ങളുടെ നീണ്ട നിരയും റോഡരികുകളിൽ ഉണ്ടായിരുന്നു.
സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
സപ്ലൈകോയിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ നീണ്ട നിരയും പലഭാഗങ്ങളിലും കാണപ്പെട്ടു. പൊലീസ് ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കടകൾക്ക് മുൻപിൽ കൂട്ടം കൂടിയിരുന്നവരെ പൊലീസ് വീടുകളിലേക്ക് മടക്കി അയച്ചു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കൊറോണ ബോധവത്കരണ അനൗൺസ്‌മെന്റ് രാവിലെയും ഉച്ചയ്ക്കും നിരത്തുകളിലൂടെ ഉണ്ടായിരുന്നു. തുടർന്ന് നഗരത്തിലും പഞ്ചായത്തുകളിലും പൊലീസ് പരിശോധന കർശനമാക്കി.
ആശുപത്രികൾ
ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ വിദേശത്തു നിന്ന് വരുന്ന ആളുകളുടെ സൗകര്യാർഥം കൊറോണ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. പേ വാർഡിൽ ഐസോലേഷൻ മുറിയും ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് ശസ്ത്രക്രിയകൾ നടത്തുന്നത്. സ്വകാര്യ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. തുടർ പരിശോധനകൾക്കായി എത്തേണ്ട രോഗികൾക്ക് ഡോക്ടർമാരെ ഫോണിൽ വിളിച്ചറിയിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.