കോട്ടയം : കൊറോണ പ്രമാണിച്ച് ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും ചില വിരുതൻമാർ വണ്ടിയുമായി നിരത്തിലിറങ്ങി. പൊലീസ് ചോദിച്ചപ്പോഴുള്ള മറുപടിയായിരുന്നു രസകരം, ആളുകൾ ഇറങ്ങുന്നുണ്ടോയെന്ന് നോക്കാൻ വന്നതാണെന്ന്. കാസർകോട് പുറത്തിറങ്ങിയവരെ അടിച്ച് ഓടിക്കണ്ടി വന്നപ്പോൾ കോട്ടയത്ത് അത് ചെയ്യിക്കരുതേയെന്നാണ് പൊലീസിന് പറയാനുള്ളത്.
അനാവശ്യമായി നഗരത്തിൽ കറങ്ങി നടക്കുന്നവരെ പിടികൂടാൻ പൊലീസ് സുരക്ഷ ശക്തമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ മുഴുവൻ നിരത്തുകളിൽ പരിശോധന നടത്തി. ഇരുചക്ര വാഹനങ്ങളിലും കാറുകളിലും മറ്റും എത്തിയവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങിയവരെ ചെറുതായൊന്ന് വിരട്ടുകയും ചെയ്തു. നിർദ്ദേശം പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടികൾ കടുപ്പിക്കാനാണ് ജില്ലാ പൊലീസിന്റെ തീരുമാനം. മതിയായ കാരണങ്ങൾ ഇല്ലാതെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനും മടിക്കില്ലെന്നാണ് പൊലീസ് നിലപാട്. രാവിലെ മുതൽ പുറത്തിറങ്ങിയവരിൽ ഭൂരിപക്ഷവും മാർക്കറ്റ്, ബിവറേജ് എന്നിവിടങ്ങളിലേക്കുള്ളവരായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ മാർക്കറ്റ് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. അവശ്യ സേവനങ്ങളിൽ ഉൾപ്പെടാത്തചില കടകൾ രാവിലെ തുറന്നെങ്കിലും പൊലീസെത്തി അടച്ചു. ബിവറേജസ് ഔട്ട് ലെറ്റുകളുടെ മുന്നിലെ തിക്കിത്തിരക്ക് ഒഴിവാക്കാനും പൊലീസെത്തി. അവശ്യ സർവീസുകൾ ഒഴിച്ചുള്ള ആരെയും റോഡിൽ ഇറങ്ങരുതെന്നാണ് പൊലീസും ആരോഗ്യവകുപ്പും നൽകുന്ന മുന്നറിയിപ്പ്. മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യത്തിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.