അടിമാലി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അടിമാലിയിൽ പൊലീസ് കൺട്രോൾ റൂം തുറന്നു.അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആളുകൾക്ക് 9497912478 എന്ന നമ്പരിൽ വിളിച്ച് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.അടിമാലി ജനമൈത്രി പൊലീസ് കാന്റീന് സമീപത്തായി തുറന്നിട്ടുള്ള കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.കൊറോണ സംബന്ധിച്ച സംശയനിവാരണത്തിനും ഇതുമായി ബന്ധപ്പെട്ട പരാതികൾക്കും ആളുകൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഉദ്യോഗസ്ഥനെ തന്നെ നിയമിച്ചതായി അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജ് പറഞ്ഞു.അടിമാലി സ്റ്റേഷൻ പരിധിയിലെ വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് കൺട്രോൾ റൂം മുഖേന പൊലീസ് ഇവരുമായി ബന്ധപ്പെടുകയും ബോധവൽക്കരണം നൽകുകയും ചെയ്യുന്നുണ്ട്.ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബോധവൽക്കരിക്കുന്നതിനും ജാഗ്രത കടുപ്പിക്കുന്നതിനുമായി അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിൽ പൊലീസ് ടൗണിൽ റൂട്ട് മാർച്ച് നടത്തി.