പാലാ : കൊറോണ പകരുന്ന സാഹചര്യത്തിൽ സാമൂഹ്യ നിയന്ത്രണത്തിന്റെ ഭാഗമായി കേരള സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ പാലായിൽ ഏറെക്കുറെ പൂർണ്ണം. അവശ്യസാധനങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയായിരുന്നു ലോക്ക് ഡൗൺ. പലചരക്ക് സ്ഥാപനങ്ങളും പച്ചക്കറി കടകളും രാവിലെ മുതൽ തുറന്നു പ്രവർത്തിച്ചിരുന്നു എങ്കിലും 11 മണി മുതൽ തുറന്നാൽ മതിയെന്ന് എന്ന നിർദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കടകളും അടപ്പിച്ചു.

11 മണിയോടെ പലചരക്ക് കടകളും പച്ചക്കറികളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള കടകളും തുറന്നു പ്രവർത്തിച്ചു. നൂറുകണക്കിനാളുകളാണ് സാധനങ്ങൾ വാങ്ങുന്നതിനായി നിരത്തിലിറങ്ങിയത് വലിയ തിരക്കിനിടയാക്കി.

ഷോപ്പിംഗ് മാളുകളിൽ തിരക്ക് വർദ്ധിച്ചതോടെ പത്ത് പേരെ വീതമാണ് അകത്തേക്ക് പ്രവേശനമനുവദിച്ചത്. പലചരക്ക് കടകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

രാവിലെ നിരത്തിലിറങ്ങിയ വാഹനങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രക്കാരെ പൊലീസ് ഇടപെട്ട് സൗഹൃദപരമായി മടക്കി അയച്ചു.

വ്യാപാര സ്ഥാപനകളും, ചന്തകളും, നാട്ടിൻപുറത്തെ മുറുക്കാൻ കടകൾ പോലും അടഞ്ഞു കിടന്നു. രാമപുരം, ഭരണങ്ങാനം, കൊല്ലപ്പള്ളി, പൈക, ചേർപ്പുങ്കൽ, കിടങ്ങൂർ ടൗണുകളെല്ലാം പൂർണ്ണമായി അടഞ്ഞുകിടന്നു.

കൂടുതൽ ആളുകൾ നിരത്തിലിറങ്ങാതിരിക്കാൻ പൊലീസിന്റെ പ്രത്യേക അനൗൺസ്‌മെന്റ് വാഹനം നിർദ്ദേശങ്ങളുമായി തുടർച്ചയായി നഗരത്തിൽ ഇറങ്ങിയിരുന്നു. ആവശ്യമില്ലാതെ ആരും നിരത്തിലിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചായിരുന്നു മൈക്ക് അനൗൺസ്‌മെന്റ്.

ടാക്‌സി വാഹനങ്ങളും, ഓട്ടോറിക്ഷകളും പരിമിതമായി മാത്രമാണ് നിരത്തിലിറങ്ങിയത്. ഓട്ടോ സ്റ്റാൻഡുകളിലും മറ്റും പൊലീസ് കൂടെകൂടെ നിരീക്ഷണം നടത്തി. ഓട്ടോകളിലും കാറുകളിലും 2 യാത്രക്കാരെ മാത്രമാണ് അനുവദിച്ചത്. ഇതിനായി നിർദ്ദേശവും നൽകിയിരുന്നു.

സർക്കാർ ഓഫീസകളും മറ്റും നാമമാത്രമായാണ് പ്രവർത്തിച്ചത്. സിവിൽ സ്റ്റേഷനിൽ 25 ജീവനക്കാർ മാത്രമാണ് എത്തിയത്. കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, കോടതി, വിവിധ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലും പകുതിയോളം ജീവനക്കാർ മാത്രമാണ് എത്തിയത്.

 11 മണിയോടെ പലചരക്ക് കടകളും പച്ചക്കറികളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള കടകളും തുറന്നു പ്രവർത്തിച്ചു. നൂറുകണക്കിനാളുകളാണ് സാധനങ്ങൾ വാങ്ങുന്നതിനായി നിരത്തിലിറങ്ങിയത് വലിയ തിരക്കിനിടയാക്കി.