പാലാ: അക്ഷരങ്ങൾക്ക് അവധി നൽകി ഇടപ്പാടി ഗവ. എൽ.പി. സ്‌കൂൾ വലിയൊരു സമൂഹത്തിന് അതിജീവനത്തിന്റെ പാഠമൊരുക്കുകയാണിപ്പോൾ. നാടിന്റെ കരുതലിന്റെ കേന്ദ്രമായി മാറുകയാണീ സരസ്വതീക്ഷേത്രം. ഒരാഴ്ച മുമ്പുവരെ കുട്ടികൾ ഓടിക്കളിച്ച സ്‌കൂൾ വരാന്തയിലും ക്ലാസ്സ് മുറികളിലും തയ്യൽ മെഷീനുകളുടെ കലപില ശബ്ദം മാത്രം; നാടിനെ വിറപ്പിക്കുന്ന കെറോണയെ പ്രതിരോധിക്കാൻ ഒരു സംഘം വനിതകൾ മാസ്‌കുകൾ തുന്നുകയാണിവിടെ; ജീവിതം അഴിഞ്ഞു വീഴുമോ എന്നാശങ്കപ്പെടുന്നവർക്കു സാന്ത്വനത്തിന്റെ നൂലിഴ ചേർക്കുന്നവർ. 'ബ്രേക്ക് ദി ചെയിൻ ' ക്യാമ്പയിനിന്റെ ഭാഗമാവുകയാണിപ്പോൾ ഈ ഗവ. എൽ.പി സ്‌കൂളും.

സ്‌കൂൾ വികസന സമിതി, പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ റ്റി.ബിസെന്റർ, പാലാ ജനറൽ ആശുപത്രി എന്നീ കേന്ദ്രങ്ങളിലേയ്ക്കാവശ്യമായ മാസ്‌ക് നിർമാണമാണ് ഇടപ്പാടി ഗവ. എൽ. പി. സ്‌കൂളിൽ ആരംഭിച്ചിട്ടുള്ളത്.

ഒരോ സർക്കാർ സ്‌കൂളും നാടിന്റെ ബഹുമുഖ വളർച്ചയുടെ മാത്രമല്ല കരുതലിന്റേയും കേന്ദ്രങ്ങളാകണം എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഹെഡ്മാസ്റ്റർ സജി ഫ്രാൻസിസ് പറഞ്ഞു.

കൊറോണയെ നേരിടാൻ സർക്കാരും എല്ലാ മേഖലയിലുമുള്ള ജനങ്ങളും ആരോഗ്യ പ്രവർത്തകരും മുന്നിട്ടിറങ്ങുമ്പാൾ തങ്ങളാലാകുന്ന ചെറിയ കാര്യം ചെയ്യാനാകുന്നതിൽ കൃതാർഥതയുണ്ടെന്ന് സ്‌കൂൾ പി.ടി. എ. ഭാരവാഹികളും പറഞ്ഞു. സ്‌കൂൾ വികസന സമിതി, പി.റ്റി.എ അംഗങ്ങളും പരിസരവാസികളുമായ ഒരു ഡസനിലേറെ സന്നദ്ധപ്രവർത്തകർ ഈ യത്‌നത്തിൽ പങ്കാളികളാകുന്നു. സ്‌കൂൾ വികസന സമിതി ഭാരവാഹികളായ ഡോ. രാജു ഡി. കൃഷ്ണപുരം, ഡോ. ടോം കെ. മാത്യു കളപ്പുരയിൽ, ബേബി ജോസഫ് ആനപ്പാറ, ജോളി ജസ്സു, റോഷ്‌നി ഷാജി, ജോളി തെക്കേൽ, ആശാപ്രേം, മിനി ടോമി കുഴിമറ്റത്തിൽ, ഗ്രേസി, സുജ ഹരിദാസ്, സബിത, വിനീത എന്നിവരും നേതൃത്വം നൽകുന്നു. ദിനംപ്രതി ശരാശരി അറുനൂറ് മാസ്‌കുകളാണ് ഇടപ്പാടി സ്‌കൂളിൽ നിർമിക്കുന്നത്. നാടിന്റെ
വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള ഇടപ്പാടി ഗവ. സ്‌കൂൾ അധികാരികളുടെ മാതൃകാപരമായ പ്രവർത്തിയെ ജോസ്. കെ. മാണി എം.പി, മാണി. സി. കാപ്പൻ എം. എൽ. എ. എന്നിവർ അഭിനന്ദിച്ചു.