തലയോലപ്പറമ്പ്: ജനകീയ പദ്ധതികളുമായി മറവൻതുരുത്ത് പഞ്ചായത്ത് ബഡ്ജറ്റ്. പഞ്ചായത്തിന്റെ 2020-2021 വർഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി. രമ അവതരിപ്പിച്ചു. 13,46,98,387 രൂപ വരവും 13,27,88,765 രൂപ ചെലവും 19,09,622 രൂപ നീക്കിയിരുപ്പം പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
വിശപ്പുരഹിത പഞ്ചായത്ത്, വയോജന ക്ലബുകൾ, പട്ടികജാതി വിഭാഗങ്ങൾക്ക് കുടിവെള്ള കണക്ഷൻ, സ്‌കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്‌കോളർഷിപ്പ്, കാർഷിക മേഖലയിൽ നെല്ല് ഉത്പാദനം, വാഴ കൃഷിക്കും, സമ്പൂർണ്ണ പച്ചക്കറി ഗ്രാമത്തിനുമടക്കം ഊന്നൽ നൽകുന്ന ബഡ്ജറ്റ് പഞ്ചായത്തിലെ വിവിധ റോഡുകളുടെ ടാറിംഗ്, കുട്ടികൾക്ക് നീന്തൽ പരിശീലനം, യോഗ പരിശീലനം, തോടുകളുടെ ആഴം കൂട്ടൽ, വ്യക്തിഗത വിവാഹ ധനസഹായം തുടങ്ങിയ പദ്ധതികളുമാണ് ബഡ്ജറ്റിൽ പണം വകയിരിത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എസ്. വേണുഗോപാൽ, അഡ്വ. പി.വി. കൃഷ്ണകുമാർ, പി.കെ. മല്ലിക, കെ. കറുത്ത കുഞ്ഞ്, ബിന്ദു പ്രദീപ്, പി.വി. പ്രസാദ്, ലീന ഡി. നായർ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി മീര എൻ മേനോൻ നന്ദി രേഖപ്പെടുത്തി.