പാലാ : കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലും ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലും നാളെ മുതൽ പുലർച്ചെയുള്ള പ്രഭാതഭേരി കീർത്തനങ്ങൾ ഉണ്ടാകില്ല, പകരം മൈക്കിലൂടെ മുഴങ്ങുക ' കൊറോണാ ബോധവത്കരണ സന്ദേശങ്ങൾ!
ആരോഗ്യവകുപ്പിന്റെ ജനബോധവത്കരണ നിർദ്ദേശങ്ങളുടെ റെക്കാഡ് പുലർച്ചെ 5.30 നും വൈകിട്ട് ദീപാരാധനയ്ക്കു മുമ്പായും മൈക്കിലൂടെ പ്രക്ഷേപണം ചെയ്യുമെന്ന് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായരും, കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ടി.എൻ.സുകുമാരൻ നായരും അറിയിച്ചു. ഇരു ക്ഷേത്രങ്ങളുടെയും മാതൃകാപരമായ ഈ തീരുമാനത്തിന് ജില്ലാ ഭരണകൂടവും പിന്തുണ നൽകിയിട്ടുണ്ട്. ഇരു ക്ഷേത്രങ്ങളിലും ഇപ്പോൾ ഭക്തജനങ്ങൾ എത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.ഇതോടൊപ്പം താഴെത്തട്ടിലേക്ക് രോഗ പ്രതിരോധ ബോധവത്കരണ നടപടികൾ എത്തിക്കുന്നത് ദൈവീക കാര്യമായിത്തന്നെയാണ് തങ്ങൾ കാണുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. മീനച്ചിൽ താലൂക്കിൽ ചെറുതും വലുതുമായ മുന്നൂറോളം ക്ഷേത്രങ്ങളുണ്ട്. എല്ലാ ക്ഷേത്രങ്ങളും ഈ മാതൃക സ്വീകരിച്ചാൽ ആരോഗ്യ വകുപ്പിന്റെ സന്ദേശങ്ങൾ ദിവസവും പുലർച്ചയിലും സന്ധ്യയിലും ലക്ഷക്കണക്കിനു ഭക്തരുടെ കാതുകളിലെത്തും.