പൊൻകുന്നം: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളാണ് കൊടുങ്ങൂർ ദേവീ ക്ഷേത്രവും ചെറുവള്ളി ദേവീ ക്ഷേത്രവും.ഈ രണ്ടു ക്ഷേത്രങ്ങളിലും മീനപ്പൂര മഹോത്സവത്തിനായി മുൻ വർഷങ്ങളിലെപ്പോലെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. ഏപ്രിൽ 6നാണ് പൂരം. വാഴൂരിന്റെ ദേശീയോത്സവമാണ് കൊടുങ്ങൂർ പൂരം. നാനാജാതി മതസ്ഥരായ മുഴുവൻ നാട്ടുകാരും ഒത്തുകൂടുന്ന ആഘോഷം. ഒരുമാസം മുമ്പേ നോട്ടീസ് അടിച്ച് വീടുകളിൽ എത്തിച്ചിരുന്നു. നോട്ടീസിന്റെ കാര്യത്തിലും കൊടുങ്ങൂർ പൂരത്തിന്റെ രീതി ഒന്നു വേറെയാണ്. വലുപ്പത്തിലും വ്യത്യസ്തതയിലും മറ്റെങ്ങും കാണാത്ത പുതുമ ഓരോ വർഷത്തിലുമുണ്ടാകും. ദേവസ്വംബോർഡും ക്ഷേത്രം ഉപദേശകസമിതിയും ചേർന്ന് നിശ്ചയിക്കുന്ന പരിപാടികൾക്കു പുറമെ ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ നാട്ടുകാരുടെ വകയായി വിവിധ ജംഗ്ഷനുകളിൽ വേറെയുമുണ്ട് കലാപരിപാടികൾ. ഇപ്പോൾ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി 28ന് കൊടിയേറ്റ്, ചടങ്ങുകൾ മാത്രമായി 6ന് പൂരവും നടക്കും.
ചെറുവള്ളി ദേവീക്ഷേത്രത്തിൽ കൊടിയേറ്റ് 29നാണ്. ഏപ്രിൽ 6ന് മീനപ്പൂരം. അധികം ക്ഷേത്രങ്ങളിലൊന്നും കാണാത്ത വാഹനം എഴുന്നള്ളിപ്പും ഗരുഡൻപറവയുംചെറുവള്ളി ഉത്സവത്തെ വ്യത്യസ്തമാക്കുന്ന ചടങ്ങുകളാണ്. കൂടാതെ ജഡ്ജിയമ്മാവന്റെ സാന്നിദ്ധ്യംകൊണ്ട് പ്രസിദ്ധമായ ചെറുവള്ളിയിലെ ഉത്സവത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്നുവരെ ഭക്തരെത്തുന്നതാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി നോട്ടീസ് വീടുകളിലെത്തിച്ചു. പതിവുപോലെ പൂരം പൊടിപൂരമാക്കാൻ നാട്ടുകാർ ഒരുങ്ങുമ്പോഴാണ് കൊറോണ എന്ന മഹാമാരിയുടെ വരവ്. ഇനി ആഘോഷമില്ലാതെ ചടങ്ങുകളും ആരവങ്ങലില്ലാതെ ആറാട്ടും നടക്കും കൊടുങ്ങൂരും ചെറുവള്ളിയിലും