police-

കോട്ടയം: നഗരത്തിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇന്നലെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ മുപ്പതിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. എന്നാൽ, ഇന്ന് നടപടി കുറച്ചു കൂടി കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

ലോക്ക് ഡൗൺ കാലാവധി കഴിയുന്ന 21 ദിവസങ്ങൾക്ക് ശേഷമായിരിക്കും പിന്നീട് വാഹനങ്ങൾ ഉടമയ്ക്ക് ലഭിക്കുക. പക്ഷേ, ഇതിന് ധാരാളം നൂലാമാലകൾ മറികടക്കേണ്ടി വരും. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനം പൊലീസ് സ്റ്റേഷൻ പരിസരത്തായിരിക്കും സൂക്ഷിക്കുക. കൂടാതെ വാഹന ഉടമയുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന കാര്യത്തിൽ മോട്ടോർ വാഹന വകുപ്പുമായി കൂടിയാലോചന നടത്താനും നീക്കമുണ്ട്. അതിനാൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക. ജില്ലാ അതിർത്തികളിലും കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്.