കോട്ടയം: 17കാരിയെ പീഡിപ്പിച്ചശേഷം ഒരു പവന്റെ മാലയുമായി കടന്ന യുവാവ് പിടിയിൽ. കവർന്ന മാല പണയം വയ്ക്കാൻ സഹായിച്ച സൃഹൃത്തും അഴിക്കുള്ളിലായി. പുഞ്ചവയൽ 504 കോളനിയിലെ ബന്ധുവീട്ടിൽ താമസിച്ചുവന്നിരുന്ന ചക്കരയെന്ന് വിളിക്കുന്ന ഉപ്പുതറ ചെമ്പേരിൽ പ്രശാന്ത് സാന്റോ (20), ഇയാളുടെ സുഹൃത്ത് കോരൂത്തോട് കുഴിമാവ് ഐനിപ്പള്ളി സതീഷ് സജി (20) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെതുടർന്ന് മുണ്ടക്കയം സി.ഐ വി.ഷിബുകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
പെൺകുട്ടിയെ കണ്ട് ഇഷ്ടം തോന്നിയ ഇയാൾ മൊബൈൽ നമ്പർ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. സൗഹൃദം സ്ഥാപിച്ചെടുത്ത പ്രശാന്ത് പെൺകുട്ടിയെ കഴിഞ്ഞ 13ന് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടയിൽ പെൺകുട്ടി അറിയാതെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുത്തിരുന്നു.
തിരികെ വീട്ടിലേക്ക് പോവുന്നതിനിടയിൽ മദ്യലഹരിയിലായിരുന്ന ഇയാൾ പുഞ്ചവയലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പൂട്ടു തകർക്കാൻ ശ്രമിച്ചു. ഫിനാൻസ് സ്ഥാപനത്തിലെ കവർച്ചാശ്രമം സി.സി ടി.വി കാമറയിൽ പതിഞ്ഞിരുന്നു. പൊലീസ് പ്രതിയെ തെരയുന്നതിനിടയാലാണ് പെൺകുട്ടി പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതോടെ രണ്ട് കേസുകളിലും പ്രതി ഒരാളാണെന്ന് പൊലീസിന് മനസിലായി. തുടർന്നായിരുന്നു അറസ്റ്റ്. മോഷ്ടിച്ച മാല സുഹൃത്തായ സതീഷ് മുഖാന്തിരമാണ് കോരൂത്തോടിലെ ഫിനാൻസ് സ്ഥാപനത്തിൽ 19,500 രൂപയ്ക്ക് പണയപ്പെടുത്തിയത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.