കോട്ടയം: കൊറോണ മുൻകരുതലിൽ സർക്കാരും ജനങ്ങളും. അതിനിടയിൽ പെട്ടിക്കടയ്ക്ക് മുമ്പിൽ നീണ്ട ക്യൂ. ആളുകൾ കൂട്ടംകൂടിയതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയതോടെ ക്യൂവിലുണ്ടായിരുന്നവർ നാലുപാടും ഓടി. പൊലീസ് ഒരാളെ പിടിച്ച് ചോദ്യം ചെയ്തതോടെ നിരോധിത പുകയില ഉല്പന്നങ്ങൾ വാങ്ങാൻ എത്തിയവരാണ് ക്യൂവിൽ സ്ഥാനം പിടിച്ചതെന്ന് മനസിലായി. അതോടെ കട പൊലീസ് അരിച്ചുപെറുക്കി. 50,000 രൂപയ്ക്ക് മുകളിൽ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കടയുടമ കുറിച്ചി മലകുന്നം പ്ലാമ്മൂട് സുകുമാരൻ അറസ്റ്റിലായി. സി.ഐ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെട്ടിക്കട ഉടമയെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

തമിഴ്നാട്ടിൽനിന്നാണ് ഇയാൾ നിരോധിത പുകയില ഉല്പന്നങ്ങൾ കൊണ്ടുവന്നിരുന്നത്. 20 രൂപയ്ക്ക് വാങ്ങുന്ന ഇത് 50 രൂപയ്ക്കാണ് വിറ്റുവന്നിരുന്നത്. സി.ഐയൊടൊപ്പം വനിത എസ്.ഐ എം.എസ്.ഷെറി, എ.എസ്.ഐ ജീമോൻ മാത്യു, സിവിൽ പൊലീസ് ഓഫീസർ വൈശാഖ് എന്നിവരുമുണ്ടായിരുന്നു.