കോട്ടയം : ആളുകൾ കൂട്ടംകൂടിയാൽ മാത്രം ജോലിയുള്ള ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരെയും ഫ്രെയിം ഒൗട്ടാക്കി കൊറോണ. ഹിന്ദു - ക്രിസ്ത്യൻ വിവാഹങ്ങൾക്ക് പുറമേ വിവിധ സമ്മേളനങ്ങളുടെയും കാലമാണ് മാർച്ച് മുതൽ ജൂൺവരെയുള്ള വേനൽക്കാലം.കൊറോണ വ്യാപനകാലമായതോടെ പലരും വിവാഹം മാറ്റി. ചിലർ ആർഭാടം കുറച്ചു. ഇതോടെ ഫോട്ടോ വീഡിയോ ഗ്രാഫർമാർക്ക് പണിയില്ലാതായി. ജില്ലയിൽ മാത്രം അഞ്ഞൂറിലേറെ സ്റ്റുഡിയോകളുണ്ട്. ഫോട്ടോഗ്രാഫർമാരുടെ സംഘടനകളിൽ അംഗത്വമുള്ളവർ 2000 വരും. ഇതിന് പുറമെ ഫോട്ടോഗ്രാഫി കോഴ്സ് പഠിച്ചിറങ്ങുന്നവരടക്കം നിരവധിയാണ്. സാധാരണ ഒരു സ്റ്റുഡിയോയിൽ 5 മുതൽ 10 ജീവനക്കാർ വരെ ഉണ്ടെങ്കിൽ ഒരു കളർലാബിൽ നൂറോളം സാങ്കേതിക വിദഗ്ദ്ധരുമുണ്ടാകും. ഇവർക്കെല്ലാം ഇനി മാസങ്ങളോളം വരുമാന നഷ്ടമുണ്ടാകുന്നതിനാൽ നൂറ് കണക്കിന് കുടുംബങ്ങളാണ് സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നത്. ശമ്പളം കൊടുത്ത് ജീവനക്കാരെ മാസങ്ങളോളം സംരക്ഷിച്ചു നിറുത്താൻ കഴിയുന്നവർ ഈ ഫീൽഡിൽ വിരലിലെണ്ണാവുന്നവരാണ്.
വിദേശമലയാളികളാണ് ഫോട്ടോ ആൽബത്തിനും വീഡിയോയ്ക്കും മറ്റും കൂടുതൽ പണം ചെലവഴിക്കുന്നത്. സിനിമഷൂട്ടിംഗിനെ വെല്ലുന്നതരത്തിൽ വീഡിയോആൽബമടക്കം വിവിധ ലൊക്കേഷനിൽ ഷൂട്ടിംഗ് നടത്തുന്ന 'സേവ് ദ ഡേറ്റ് 'വഴി ഫോട്ടോ,വീഡിയോഗ്രാർമാർക്കും വലിയ വരുമാനം ലഭിച്ചിരുന്നു. കൊറോണ കാരണം വിദേശത്തുള്ളവർക്ക് നാട്ടിലെത്താൻ കഴിയാത്തതിനാൽ അടുത്ത നാല് മാസത്തെ വിവാഹാഘോഷങ്ങൾ മാറ്റിവച്ചു. നാട്ടിലുള്ള വിദേശ മലയാളികൾക്കും ആളെക്കൂട്ടി ആർഭാടപൂർണമായ രീതിയിൽ വിവാഹം നടത്താൻ കഴിയുന്നില്ല. മദ്ധ്യവേനലവധിയിൽ സ്കൂൾ - കോളേജ് അടയ്ക്കലും, ജീവനക്കാരുടെ റിട്ടയർമെന്റുമെല്ലാം ഗ്രൂപ്പ് ഫോട്ടോ എടുക്കൽ കാലമായിരുന്നു. ഇതും കൊറോണ ഇല്ലാതാക്കി.
കൊറോണ വ്യാപനം എത്ര കാലം നീണ്ടു നിൽക്കുമെന്ന് അറിയില്ല. വിവാഹബുക്കിംഗ് നഷ്ടമായത് നൂറുകണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചത്. സർക്കാരിന്റെ ഒരു സഹായവും ലഭിക്കാത്തവരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. ജോലിക്കനുസരിച്ച് വരുമാനമായതിനാൽ കൃത്യവരുമാനവും ഇല്ല. വായ്പയെടുത്ത് കാമറ വാങ്ങിയവർ വരെയുണ്ട്. ഇവർക്കായി എന്തെങ്കിലും സഹായ പദ്ധതിക്കുള്ള ശ്രമത്തിലാണ് കാമറ ക്ലബ്
അനിൽ കണിയാമല,ഫോട്ടോവൈഡ് കാമറക്ലബ് സംസ്ഥാന കോ-ഓർഡിനേറ്റർ